ആശ്വാസ വാര്‍ത്ത; സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,720 രൂപയാണ്. പവന് 360 രൂപയാണ് കുറഞ്ഞത്. 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7215 രൂപയില്‍ എത്തി. തുടര്‍ച്ചയായ മൂന്ന് ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായതിന് ശേഷം പുതുവര്‍ഷത്തില്‍ ഇതാദ്യമായാണ് വിലയില്‍ ഇടിവുണ്ടായത്. ഇന്നലെ ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില വീണ്ടും 58,000 കടന്നത്.


സ്വര്‍ണവില കഴിഞ്ഞ 5 വര്‍ഷമായി 1700- 2000 ഡോളറില്‍ നിന്നും കാര്യമായി ഉയര്‍ച്ചയില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സ്വര്‍ണവില 2050 ഡോളര്‍ ലെവലില്‍ നിന്നും കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 2790 ഡോളര്‍ വരെ ഉയര്‍ന്നു. ഏകദേശം 38% ത്തോളം ഉയര്‍ച്ചയാണ് അന്തരാഷ്ട്ര വിപണിയില്‍ സ്വര്‍ണം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ രൂപ 83.25ല്‍ നിന്നും 85 എന്ന നിലയില്‍ ഡോളറിലേക്ക് ദുര്‍ബലമായതും സ്വര്‍ണ വില ഉയരാന്‍ കാരണമായി.2025ഉം സ്വര്‍ണവിലയ്ക്ക് വളരെ നിര്‍ണായകമായ വര്‍ഷമാണെന്നാണ് കണക്കുകൂട്ടല്‍. ട്രംപ് അധികാരത്തിലെത്തുന്നതും 2 തവണ ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയും സ്വര്‍ണവിലയെ കാര്യമായി തന്നെ ബാധിക്കും. നിലവില്‍ ഉയര്‍ന്ന കടത്തില്‍ പോകുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ട്രംപ് മസ്‌ക് കൂട്ടുകെട്ട് ഉയര്‍ത്തികൊണ്ടുവരുമെന്ന പ്രതീക്ഷയും സ്വര്‍ണവില കുറയാന്‍ കാരണമാകും. ട്രംപിന്റെ പോളിസികള്‍ പണപ്പെരുപ്പം ഉയര്‍ത്തിയേക്കാം. പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ നിര്‍ത്തേണ്ടി വന്നാലോ അല്ലെങ്കില്‍ കൂട്ടേണ്ട സാഹചര്യം വന്നാലോ സ്വര്‍ണവിലയില്‍ ശക്തമായ ഇടിവുണ്ടാകുമെന്നാണ് സൂചന.