പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ പോയ ഓള്‍ കേരള മെൻസ് അസോസിയേഷന് ആഹ്ളാദപ്രകടനം നടത്താനായില്ല. രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിരുന്നെന്നും, എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറഞ്ഞു.
പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറും ഓള്‍ കേരള മെൻസ് അസോസിയേഷനും. ഇത് പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോണ്‍ ഇരയും ഗ്രീഷ്മ വേട്ടക്കാരനുമെന്ന് സമ്മതിക്കാമോയെന്നും രാഹുല്‍ ഈശ്വർ.
ഷാരോണിനെ സ്മരിക്കാനായി ഇവിടെ കൂടിയപ്പോള്‍ അത് തടഞ്ഞു. ഇതാണ് ഇവിടുത്തെ പുരുഷന്മാരുടെ അവസ്ഥ. കട്ട് ഔട്ട് എടുത്തോണ്ട് പോകാൻ കാണിച്ച ആർജ്ജവം വ്യാജ പരാതികള്‍ക്കെതിരെ ഒരു എഫ്‌ഐആർ എടുക്കാനുള്ള എങ്കിലും കാണിക്കണമെന്നും രാഹുല്‍ ഈശ്വർ പൊലീസിനോട് ആവശ്യപ്പെട്ടു.