സിഡ്നിയില്‍ ഇന്ത്യ വീണു, പരമ്പര ഓസീസീന്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചു

സിഡ്നി: ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയുടെ അഭാവം ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടിയായപ്പോള്‍ സിഡ്നി ടെസ്റ്റില്‍ ആറ് വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ അഞ്ച് മത്സര 3-1ന് സ്വന്തമാക്കി. മൂന്നാം ദിനം 162 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 58-3 എന്ന സ്കോറില്‍ പതറിയെങ്കിലും ഉസ്മാന്‍ ഖവാജയുടെയും ട്രാവിസ് ഹെഡിന്‍റെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഉസ്മാന്‍ ഖവാജ 45 പന്തില്‍ 41 റണ്‍സെടുത്തപ്പോള്‍ ട്രാവിസ് ഹെഡ് 38 പന്തില്‍ 34 റണ്‍സുമായി പുറത്താകാതെ നിന്ന് ഒരിക്കല്‍ കൂടി ഇന്ത്യയുടെ തോല്‍വിക്ക് കാരണക്കാരനായി.അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്സ്റ്റര്‍ 34 പന്തില്‍ 39 റണ്‍സുമായി വിജയത്തില്‍ ഹെഡിന് കൂട്ടായി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമെടുത്തു. സ്കോര്‍ ഇന്ത്യ 185, 157, ഓസ്ട്രേലിയ 181, 162-4.10 വര്‍ഷത്തിനുശേഷം ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഓസ്ട്രേലിയയുടെ കൈകളിലെത്തിയപ്പോള്‍ കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയില്‍ പരമ്പര നേടിയ ഇന്ത്യക്ക് ഇത്തവണ ഹാട്രിക്ക് പരമ്പര നേട്ടം സ്വന്തമാക്കാനായില്ല. 2014-15ലാണ് ഓസീസ് ഇന്ത്യക്കെതിരെ അവസാനം ടെസ്റ്റ് പരമ്പര നേടിയത്. ഇത്തവണ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ അഡ്‌ലെയ്ഡിലും മെല്‍ബണിലും സിഡ്നിയിലും ജയിച്ചാണ് ഓസീസ് 3-1 പരമ്പര നേടിയത്. ഇതോടെ ബ്രിസ്ബേന്‍ ടെസ്റ്റ് സമനിലയായിരുന്നു. തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താമെന്ന ഇന്ത്യയുടെ നേരിയ പ്രതീക്ഷയും അവസാനിച്ചു.സിഡ്നിയി ടെസ്റ്റില്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതാണ് ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്. പരിക്കുള്ള ബുമ്ര രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി ബാറ്റിംഗിനിറങ്ങിയെങ്കിലും പന്തെറിയാനിറങ്ങിയില്ല. പരമ്പരയില്‍ 32 വിക്കറ്റുമായി ബുമ്ര വിക്കറ്റ് വേട്ടയില്‍ ഒന്നാമനായപ്പോള്‍ ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് 25 വിക്കറ്റുമായി രണ്ടാം സ്ഥാനത്തെത്തി.

തുടക്കത്തില്‍ ടി20 കളിച്ച് ഓസീസ്

162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനെ പൂട്ടാന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര മാത്രമായിരുന്നു ഇന്ത്യയുടെ കൈയിലെ ഏക ആയുധം. എന്നാല്‍ ബുമ്രയുടെ അഭാവം ഇന്ത്യൻ ആക്രമണത്തിന്‍റെ മുനയൊടിച്ചപ്പോള്‍ ആദ്യ മൂന്നോവറില്‍ എക്സ്ട്രാസും ബൈയും യഥേഷ്ടം വിട്ടുകൊടുത്ത സിറാജും ബുമ്രയും ഓസീസിന്‍റെ സമ്മര്‍ദ്ദം അകറ്റി. 17 പന്തില്‍ 22 റണ്‍സടിച്ച സാം കോണ്‍സ്റ്റാസ് പുറത്താവുമ്പോള്‍ ഓസീസ് സ്കോര്‍ 3.5 ഓവറില്‍ 39 റണ്‍സിലെത്തിയിരുന്നു. എട്ടാം ഓവറില്‍ സ്കോര്‍ 50 കടന്നതിന് പിന്നാലെ മാര്‍നസ് ലാബുഷെയ്നിനെയും(6) ലഞ്ചിന് തൊട്ടു മുമ്പ് സ്റ്റീ സ്മിത്തിനെയും(4) വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മറുവശത്ത് പിന്തുണക്കാന്‍ ആരുമുണ്ടായില്ല.

ലഞ്ചിന് ശേഷം ഖവാജയും ട്രാവിസ് ഹെഡും ചേര്‍ന്ന് 19-ാം ഓവറില്‍ ഓസീസിനെ 100 കടത്തി ലക്ഷ്യത്തോട് അടുപ്പിച്ചു. ഖവാജയെ(45 പന്തില്‍ 41) വീഴ്ത്തിയ സിറാജ് ഓസീസിന്‍റെ നാലാം വിക്കറ്റ് വീഴ്ത്തിയെങ്കിലും വെബ്സ്റ്ററും ഹെഡും ഫോമിലായതോടെ ഇന്ത്യയുടെ പ്രതീക്ഷയറ്റു.

പോരാട്ടമില്ലാതെ വീണു

മൂന്നാം ദിനം 144-6 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യ 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 157 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. തുടക്കത്തിലെ രവീന്ദ്ര ജഡേജയെ(13) മടക്കിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറെ(12) ബൗള്‍ഡാക്കി. ജസ്പ്രീത് ബുമ്രയെയും(0), മുഹമ്മദ് സിറാജിനെയും(4) വീഴ്ത്തിയ സ്കോട് ബോളണ്ട് ആറ് വിക്കറ്റ് തികച്ചു. 45 റണ്‍സ് വഴങ്ങിയാണ് ബോളണ്ട് ആറ് വിക്കറ്റെടുത്തത്. കമിന്‍സ് മൂന്നും വെബ്സ്റ്റര്‍ ഒരു വിക്കറ്റുമെടുത്തു.