മത്സരത്തിന്റെ ആദ്യ മിനുട്ടുകളില്‍ തന്നെ സ്‌കോര്‍ ചെയ്ത് മേധാവിത്വം പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. മൂന്നാം മിനുട്ടില്‍ ജീസസ് ജിമിനസ് ആണ് സ്‌കോര്‍ ചെയ്തത്. രണ്ടാം ഗോള്‍ കൊരൂ സിങ് വകയായിരുന്നു. ഒന്നാം പകുതിയുടെ അധിക സമയത്തായിരുന്നു ഈ ഗോള്‍ പിറന്നത്. അഡ്രിയാന്‍ ലൂണയായിരുന്നു അസിസ്റ്റ്.56ാം മിനുട്ടില്‍ ക്വാമി പെപ്രയാണ് മൂന്നാം ഗോള്‍ നേടിയത്. ഇത്തവണയും ലൂണയുടെ അസിസ്റ്റായിരുന്നു. ബോക്‌സിന്റെ മധ്യഭാഗത്തുനിന്നുള്ള ഇടങ്കാലന്‍ ഷോട്ട് വലയുടെ ഇടതുമൂലയിലാണ് ലാന്‍ഡ് ചെയ്തത്. ഇഞ്ചുറി ടൈമിലാണ് ചെന്നൈയിൻ ആശ്വാസ ഗോൾ നേടിയത്. വിൻസി ബാരെറ്റോയുടെ വകയായിരുന്നു ഗോൾ. അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് 2-1ന് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ജയിക്കണം. ഇനി അഞ്ച് കളികളാണ് ബാക്കി.