വൈദ്യുതി വാങ്ങിയതില്‍ അധികബാധ്യത; ഫെബ്രുവരിയിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെഎസ്ഇബി

2024 ഡിസംബറില്‍ വൈദ്യുതി വാങ്ങിയതില്‍ 18.13 കോടിയുടെ അധികബാധ്യതയുള്ളതിനാല്‍ ഫെബ്രുവരിയിലും സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് 10 പൈസ വീതമായിരിക്കും പിരിക്കുക. യൂണിറ്റിന് 19 പൈസയാണ് നിലവില്‍ സര്‍ചാര്‍ജായി ഈടാക്കുന്നത്. അതാണ് അടുത്ത മാസം സ്വന്തം നിലയില്‍ കെഎസ്ഇബി വര്‍ധിപ്പിച്ചത്.

കഴിഞ്ഞ തവണ കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷന്‍ അനുവദിച്ച ഒന്‍പത് പൈസയുമാണ് നിലവിലെ സര്‍ച്ചാര്‍ജ്. 9 പൈസ സര്‍ചാര്‍ജ് 17 പൈസയാക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യം. എന്നാല്‍ അനുമതി ലഭിച്ചിരുന്നില്ല. ഇന്ധനവില വര്‍ധിക്കുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.ജനുവരിയില്‍ സ്വന്തം നിലയില്‍ യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിരുന്നു. നവംബര്‍ മാസം വൈദ്യുതി വാങ്ങിയതിലെ 17.79 കോടി രൂപ പിരിച്ചെടുക്കാനായാണ് ജനുവരിയില്‍ സര്‍ചാര്‍ജ് പിരിക്കാന്‍ തീരുമാനിച്ചത്. വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസ വര്‍ധിപ്പിച്ചിരുന്നു.