സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂരും തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മൂന്നാം ദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോൾ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് മൂന്നാം ദിനത്തിൽ വേദികളിൽ അരങ്ങേറുന്നത്. പ്രവൃത്തി ദിനമായിട്ടും കാണികളുടക്കം മികച്ച പങ്കാളിത്തമുണ്ട് എല്ലായിടത്തും. പോയിൻ്റ് നിലയിൽ കണ്ണൂരും കോഴിക്കോടും തൃശൂരും തമ്മിലാണ് കടുത്ത മത്സരം.കലോത്സവത്തിലെ സൂപ്പർ ഹിറ്റ് മത്സരങ്ങൾ കാണാൻ ഇന്ന് രാവിലെ മുതൽ കാണികളുടെ ഒഴുക്കായിരുന്നു. മൂകാഭിനയ വേദിയിൽ വയനാടിന്‍റെ ദുഖവും അതിജീവനവുമായിരുന്നു നിറഞ്ഞ് നിന്നത്. ഹൈസ്ക്കൂൾ വിഭാഗം ആണകുട്ടികളുടെ നാടോടി നൃത്തം, ഹൈസ്ക്കൂൾ വിഭാഗം തിരുവാതിരക്കളി, ഹൈസ്ക്കൂൾ വിഭാഗത്തിൻ്റെ ദഫ് മുട്ട്, ചവിട്ടുനാടകം, ഹയർസെക്കണ്ടറി വട്ടപ്പാട്ട് അടക്കം ഗ്ലാമർ ഇനങ്ങൾ ഒരുപാടുണ്ട് മൂന്നാം ദിനം. സംഘാടനത്തിൽ കാര്യമായ പരാതികളില്ലാതെയാണ് കലസ്ഥാനത്ത് മേള പുരോഗമിക്കുന്നത്. മത്സരങ്ങൾ കാര്യമായി വൈകുന്നില്ല, വേദികളിൽ പ്രതിഷേധങ്ങളുമില്ല. മൂന്നാം ദിനത്തിലേക്ക് കൗമാരമേള കടന്നതോടെ സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം കൂടുതൽ കടുക്കുകയാണ്. കണ്ണൂരിന് 479 പോയിന്റും തൃശൂരിന് 476 പോയിന്റും കോഴിക്കോടിന് 474 പോയിന്റുമാണ് ഉള്ളത്. 470 പോയിന്റുമായി പാലക്കാടാണ് നാലാം സ്ഥാനത്ത്.