ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; പാലക്കാട്ട് യുവാവിന് ദാരുണാന്ത്യം

പരുതൂരില്‍ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്. ആചാരമായ ആട്ടത്തിന്റെ ഭാഗമായി വെളിച്ചപ്പാട് തുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിക്കുകയായിരുന്നുവെന്നും ഇതാണ് മരണകാരണമെന്നുമാണ് പോലീസിന്റെ പ്രാഥമികനിഗമനം. പോലീസ് അസ്വാഭാവികമരണത്തിന് കേസടുത്തു.

ബുധനാഴ്ചയാണ് സംഭവം നടന്നത്. ഞാങ്ങാട്ടിരിയില്‍ പതിനഞ്ചോളം കുടുംബങ്ങളില്‍പ്പെട്ട അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്ന ആട്ടം എന്ന ചടങ്ങില്‍ ഹനുമാനെ ആവാഹിച്ച് വെളിച്ചപ്പാട് തുള്ളിയത് ഷൈജുവായിരുന്നു. ചടങ്ങിനിടെ വെളിച്ചപ്പാടിന് ഫലമൂലാദികള്‍ നല്‍കുന്ന പതിവുണ്ട്.
ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായയും ഇക്കൂട്ടത്തില്‍ വെക്കാറുണ്ട്. വെളിച്ചപ്പാട് തുള്ളുന്നവര്‍ ഇത് കടിച്ചശേഷം തുപ്പിക്കളയുകയാണ് ചെയ്യാറ്. എന്നാല്‍ ഷൈജു മൂന്ന് കാഞ്ഞിരക്കായകള്‍ കഴിച്ചു എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. കടിച്ചശേഷം തുപ്പിക്കളഞ്ഞുവെന്നാണ് കരുതിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങിനുശേഷം കുളിച്ചു വന്ന ഷൈജുവിന് അസ്വസ്ഥത തോന്നുകയും അദ്ദേഹത്തെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനുമുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.