വെടിക്കെട്ടിന് തുടക്കമിട്ട് സഞ്ജു, പൂര്‍ത്തിയാക്കി അഭിഷേക് ശർമ; ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യക്ക് വിജയത്തുടക്കം

കൊല്‍ക്കത്ത: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മ 34 പന്തില്‍ 79 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ തിലക് വര്‍മയും(16 പന്തില്‍ 19*) ഹാര്‍ദ്ദിക് പാണ്ഡ്യും(4 പന്തില്‍ 3*) പുറത്താകാതെ നിന്നു. പവര്‍ പ്ലേയിലെ രണ്ടാം ഓവറില്‍ ഗുസ് അറ്റ്കിന്‍സണെതിരെ 22 റണ്‍സടിച്ച സഞ്ജു സാംസണ്‍ വെടിക്കെട്ട് തുടക്കമിട്ടെങ്കിലും 20 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് പുറത്തായി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.


വെടിക്കെട്ട് തുടക്കം

ഇംഗ്ലണ്ടിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ജോഫ്ര ആര്‍ച്ചര്‍ ആദ്യ ഓവറില്‍ സഞ്ജുവിനെ ക്രീസില്‍ പൂട്ടിയിട്ടു. ആര്‍ച്ചർ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ മാത്രമാണ് സഞ്ജുവിന് നേടാനായത്. എന്നാല്‍ ഗുസ് അറ്റ്കിന്‍സൺ എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു സിക്സും നാലു ഫോറും അടക്കം 22 റണ്‍സടിച്ച സഞ്ജു തുടക്കം ഗംഭീരമാക്കി. ജോഫ്ര ആര്‍ച്ചറെ സിക്സിനും ഫോറിനും പറത്തിയ അഭിഷേക് ശര്‍മയും സഞ്ജുവിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യ മൂന്നോവറില്‍ 33 റണ്‍സിലെത്തി. എന്നാല്‍ നാലാം ഓവര്‍ എറിഞ്ഞ മാര്‍ക്ക് വുഡിന്‍റെ അതിവേഗ പേസിന് മുന്നില്‍ സഞ്ജു പതറി.
ജോഫ്ര ആര്‍ച്ചറുടെ ആടുത്ത ഓവറില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് ബൗണ്ടറിയില്‍ അറ്റ്കിന്‍സണ് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്തു. 20 പന്തില്‍ 26 റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം. രണ്ട് പന്തുകള്‍ക്ക് ശേഷം മൂന്നാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവിനെകൂടി മടക്കിയ ആര്‍ച്ചര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും മാര്‍ക്ക് വുഡ് എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 16 റണ്‍സടിച്ച അഭിഷേക് ശര്‍മ പവര്‍പ്ലേ പവറാക്കി. പവര്‍പ്ലേക്കുശേഷം തിലക് വര്‍മ താളം കണ്ടെത്താന്‍ പാടുപെട്ടപ്പെോള്‍ ഏഴാം ഓവറില്‍ ആദില്‍ റഷീദിന്‍റെ പന്തില്‍ അഭിഷേകിന് ജീവന്‍ കിട്ടി.13 പന്തില്‍ 29 റണ്‍സെടുത്ത അഭിഷേകിനെ ആദില്‍ റഷീദിന് കൈയിലൊതുക്കാനായില്ല. പിന്നാലെ ആദില്‍ റഷീദിനെ ഫോറിനും തുടര്‍ച്ചയായി രണ്ട് സിക്സിനും പറത്തിയ അഭിഷേക് ജെയിംസ് ഓവര്‍ടണെ സിക്സിന് പറത്തി 20 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ അര്‍ധസെഞ്ചുറിയാണിത്. സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ആറ് പന്തില്‍ ആറ് സിക്സ് അടിച്ച് 12 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിട്ടുള്ള യുവരാജ് സിംഗാണ് ഇംഗ്ലണ്ടിനെതിരെ വേഗമേറിയ അര്‍ധസെഞ്ചുറി നേടിയ ഇന്ത്യൻ താരം. പത്താം ഓവറില്‍ ഇന്ത്യയെ 100 കടത്തിയ അഭിഷേക് ഗുസ് അറ്റ്കിന്‍സണിന്‍റെ രണ്ടാം സ്പെല്ലിലെ ആദ്യ ഓവറിലെ സിക്സും രണ്ട് ഫോറും പറത്തി ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. വിജയത്തിനരികെ അഭിഷേക് വീണെങ്കിലും ഹാര്‍ദ്ദിക്കും തിലക് വര്‍മയും ചേര്‍ന്ന് ഇന്ത്യയുടെ ആധികാരിക ജയം പൂര്‍ത്തിയാക്കി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ 22 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 44 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ബട്‌ലര്‍ക്ക് പുറമെ 17 റണ്‍സെടുത്ത ഹാരി ബ്രൂക്കും 12 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപും ഹാര്‍ദ്ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.