കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു

ഇരുപത്തിമൂന്നാമത് കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ പത്തരയ്ക്ക് രാജ്ഭവനിൽവെച്ച് നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങിനുശേഷം പുതിയ ഗവര്‍ണറെ അഭിനന്ദിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസും ​രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയിൽ എത്തിയ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചിരുന്നു. ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ബിഹാർ ​ഗവർണറായി പ്രവർത്തിച്ചുവരികയായിരുന്നു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സ്ഥാനം വഹിച്ചിട്ടുണ്ട്. 1980കളില്‍ തന്നെ ഗോവ ബിജെപിയില്‍ സജീവ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.