കാമ പൂർത്തീകരണത്തിനായി സ്വന്തം മകളെയും ഭർതൃമാതാവിനെയും കൊന്നുതള്ളാൻ കൂട്ടുനിന്ന അനുശാന്തി., ആറ്റിങ്ങൽ ആലംകോട് ഇരട്ടക്കൊലപാതകത്തിന്റെ നാൾവഴിയിലൂടെ

കാമ പൂർത്തീകരണത്തിനായി സ്വന്തം മകളെയും ഭർതൃമാതാവിനെയും കൊന്നുതള്ളാൻ കൂട്ടുനിന്നു; പിഞ്ചുകുഞ്ഞിന്റെ ചേതനയറ്റ ശരീരം കാണാൻപോലും കൂട്ടാക്കാത്ത ക്രൂരത; അനുശാന്തിയുടെ കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലല്ലെന്ന് സംസ്ഥാന സർക്കാർ

മൂന്നര വയസ്സായ മകളെയും ഭർതൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്താൻ കാമുകന് ഒത്താശ ചെയ്ത അനുശാന്തിയുടെ ജാമ്യഹർജി തള്ളമെന്ന് സംസ്ഥാന സർക്കാർ. ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതിയായ അനുശാന്തിയുടെ ശിക്ഷ റദ്ദാക്കരുതെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. കേരളം നടുങ്ങിയ ആറ്റിങ്ങൾ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് കേരളത്തിനായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പൊലീസ് അതിക്രമത്തിൽ കണ്ണിന് കാഴ്ച്ച നഷ്ടമായെന്ന എന്ന ആരോപണം വ്യാജമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കാഴ്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലെന്ന വാദം കോടതിയുടെ ദയ ലഭിക്കാനാണെന്നാണ് സംസ്ഥാനത്തിന്റെ വാദം. പ്രതിയുടെ ശിക്ഷ റദ്ദാക്കരുതെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യ അനുശാന്തിയുടെ മൂന്നര വയസ്സായ മകളെയും ഭർതൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്. 2014 ഏപ്രിൽ 16നായിരുന്നു സംഭവം. വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധ ശിക്ഷ 25 വർഷം തടവായി കുറച്ച ഹൈക്കോടതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയായിരുന്നു.

കേരളം നടുങ്ങിയ ക്രൂരത

2014 ഏപ്രിൽ 16നാണ് അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ വീട്ടിൽക്കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്. ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം തുഷാറത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകൾ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കണ്ണു ചികിൽസയ്ക്കായി അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

നിർണായക തെളിവായത് ഫോൺ സന്ദേശങ്ങൾ

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ നിർണായകമായതു സഹപ്രവർത്തകരും കമിതാക്കളുമായിരുന്ന നിനോ മാത്യുവും അനുശാന്തിയും തമ്മിൽ കൈമാറിയ ഫോൺ സന്ദേശങ്ങളാണ്. ടെക്നോപാർക്കിലെ ഡയമെൻഷ്യൻ എന്ന ഐടി സ്ഥാപനത്തിലെ പ്രോജക്ട് മാനേജറായിരുന്നു നിനോ. അനുശാന്തി ടീം ലീഡറും.

ഒത്തുചേരുന്നതിനു ഭർത്താവും മകളും തടസ്സമാകുമെന്നതിനാൽ കാമുകനുമായി ഗൂഢാലോചന നടത്തി കൊലപാതകത്തിനു പ്രേരിപ്പിച്ചു എന്നതാണ് അനുശാന്തിയുടെ പേരിലുള്ള കുറ്റമായി പ്രോസിക്യൂഷൻ കണ്ടെത്തിയത്. കൊലപാതക ആസൂത്രണത്തിന്റെ ഭാഗമായി ഇരുവരും കൈമാറിയ അനവധി സന്ദേശങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.

അനുശാന്തിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു നിനോ മാത്യു അയച്ച സന്ദേശം 2014 ഏപ്രിൽ നാലിനു ഭർത്താവ് ലിജീഷ് കണ്ടതോടെ വീട്ടിൽ വഴക്കായി. തുടർന്ന് ഏറെ ഗൂഢാലോചനയ്ക്കു ശേഷമാണു 12 ദിവസത്തിനു ശേഷം 16ന് ഉച്ചയ്ക്കു 12.30നു കൊലപാതകം നടത്തിയതെന്നു പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. അതിൽ നിന്ന്: സംഭവദിവസം നിനോ മാത്യു രാവിലെ 10.45ന് ഓഫിസിൽ നിന്നിറങ്ങി. ആരു ചോദിച്ചാലും ചിട്ടി പിടിക്കാൻ പോയതാണെന്നു പറയാൻ അനുശാന്തിയെ ഏൽപിച്ചു. അറ്റം മുറിച്ചു മാറ്റിയ ബെയ്സ്ബോൾ സ്റ്റിക്, വെട്ടുകത്തി, മുളകുപൊടി, രക്തം തുടയ്ക്കാനുള്ള തോർത്ത് എന്നിവ ലാപ്ടോപ് ബാഗിൽ കരുതി.

കഴക്കൂട്ടത്തു കടയിൽ നിന്നു പുതിയ ചെരുപ്പ് വാങ്ങി. തുടർന്ന് ആറ്റിങ്ങലിൽ ലിജീഷിന്റെ വീട്ടിലെത്തി. ആ സമയം ലിജീഷ് പുറത്തായിരുന്നു. വീട്ടിൽ കയറി ഓമനയോടു ലിജീഷിന്റെ സുഹൃത്താണെന്നും വിളിച്ചുവരുത്താനും ആവശ്യപ്പെട്ടു. ഓമന ഫോണിൽ സംസാരിച്ചുകഴിഞ്ഞയുടൻ ബെയ്സ്ബോൾ സ്റ്റിക് കൊണ്ടു തലയിൽ അടിച്ചുവീഴ്ത്തി. ഓമനയുടെ കയ്യിൽ നിന്നു താഴെവീണ സ്വസ്തികയെയും അത്തരത്തിൽ കൊലപ്പെടുത്തി. കവർച്ചയ്ക്കു വേണ്ടിയുള്ള കൊല എന്നു വരുത്താൻ ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ അപഹരിച്ചു.

അരമണിക്കൂർ കഴിഞ്ഞു ലിജീഷ് എത്തിയപ്പോൾ വീട് അകത്തുനിന്നു കുറ്റിയിട്ടിരിക്കുകയായിരുന്നു. പിറകുവശത്തു നോക്കി തിരികെയെത്തിയപ്പോൾ വാതിൽ അൽപം തുറന്നിട്ടിരിക്കുന്നതായി കണ്ടു. അകത്തേക്കു കയറിയപ്പോൾ മറഞ്ഞുനിന്ന നിനോ മാത്യു കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം ലിജീഷിനെ വെട്ടി. തലയിലും കാതിലും വെട്ടേറ്റ ലിജീഷ് അലറിവിളിച്ചു പുറത്തേക്കോടി. നിനോ പിൻവശത്തെ മതിൽചാടി ഓടി ബസിൽ കയറി രക്ഷപ്പെട്ടു. അന്നു മൂന്നരയോടെ അനുശാന്തിയുടെ സഹോദരൻ അനൂപ് ടെക്നോപാർക്കിൽ എത്തിയപ്പോൾ ഒന്നും സംഭവിക്കാത്തപോലെ അനുശാന്തി മാമത്തെ വീട്ടിലേക്കു പോയി. കുഞ്ഞിന്റെ മൃതദേഹം കാണുന്നതിനോ ഭർത്താവിനെ ആശുപത്രിയിൽ കാണുന്നതിനോ അവർ തയാറായില്ല. അന്നു രാത്രി ഒൻപതോടെ തന്നെ നിനോ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയാളെ ചോദ്യം ചെയ്തും മൊബൈൽ ഫോൺ പരിശോധിച്ചും അനുശാന്തിയുടെ പങ്കും വ്യക്തമായി. രാത്രി പതിനൊന്നോടെ അനുശാന്തിയെയും അറസ്റ്റ് ചെയ്തു. കുഞ്ഞിനെ സംസ്കാരത്തിനു മുൻപു കാണണോ എന്നു പൊലീസ് ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു അനുശാന്തിയുടെ മറുപടി.

തെളിവുകൾ ശക്തം

അഞ്ചര മാസത്തോളം നീണ്ട കേസിന്റെ വിചാരണയിൽ 49 സാക്ഷികളെ വിസ്തരിച്ചു. 85 രേഖകളും 41 തൊണ്ടിമുതലും കോടതി തെളിവായി സ്വീകരിച്ചു. 2015 സെപ്റ്റംബർ എട്ടിനാണു പ്രതികൾക്കു കോടതി കുറ്റപത്രം നൽകിയത്. ഒക്ടോബർ 12നു വിചാരണ തുടങ്ങി. ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയിൽ നിന്നു ഫൊറൻസിക് ലാബ് മുഖാന്തരം ശാസ്ത്രീയമായി വീണ്ടെടുത്ത ദൃശ്യങ്ങളും സന്ദേശങ്ങളും അടച്ചിട്ട കോടതിമുറിയിൽ പ്രദർശിപ്പിച്ചു തെളിവാക്കിയിരുന്നു. കൊലപാതകത്തിനു മുൻപു നിനോ ചെരുപ്പ് വാങ്ങുന്നത് ആ കടയിൽ സിസിടിവിയിൽ പതിഞ്ഞതും തെളിവായി സ്വീകരിച്ചു. മൂന്നു മിനിറ്റുകൾക്കുള്ളിലാണു നിനോ മാത്യു കടയിൽ വന്നു ചെരുപ്പ് വാങ്ങി പോയത്.

അനുശാന്തിയുടെ സഹോദരൻ അനൂപ് കൂറുമാറിയതായി പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. സംഭവസമയത്ത് ഒന്നാം പ്രതി അമ്മയോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നുവെന്നാണു കോടതിയിൽ പറഞ്ഞത്. എന്നാൽ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല.

വില്ലനായി എസ്എംഎസ്

ഐ വിൽ നോട്ട് ലെറ്റ് എനിതിങ് ബിറ്റ്‍വീൻ അസ് –നിനോ മാത്യു അനുശാന്തിക്ക് അയച്ച ഈ ഫോൺ സന്ദേശമാണ് അരുംകൊലയിലേക്കു തുടക്കമിട്ടത്. ഈ സന്ദേശം അനുശാന്തി ഹൃദയത്തിൽ പകർത്തിയെന്നു മാത്രമല്ല, തങ്ങളുടെ ബന്ധത്തിനു തടസ്സമാകുന്നവരെ ഒഴിവാക്കാനും തീരുമാനിച്ചു.

2014 ജനുവരിയിൽ തന്നെ തുഷാരം വീടിന്റെ സിറ്റൗട്ട്, അകത്തെ മുറികളുടെയും അടുക്കളയുടെയും വാതിലുകളുടെ ദൃശ്യങ്ങൾ, മുറികളുടെ ഫോട്ടോകൾ, ലിജീഷിനെ വെട്ടിക്കൊലപ്പെടുത്താൻ നിനോ മാത്യു മറഞ്ഞുനിന്ന വാതിലിന്റെ അടച്ചിട്ടതും തുറന്നിട്ടതുമായ ദൃശ്യങ്ങൾ, ഹാളിന്റെ 360 ഡിഗ്രി ഫോട്ടോകൾ, പിറകുവശത്തെ ഇടറോഡിലൂടെ ബസ് സ്റ്റോപ്പിലേക്കുള്ള വഴി എന്നിവയെല്ലാം അനുശാന്തി മൊബൈലിൽ പകർത്തി നിനോ മാത്യുവിനു മുൻകൂട്ടി നൽകിയിരുന്നു. കേസിലെ ആസൂത്രണവും ഗൂഢാലോചനയും തെളിയിക്കാൻ ഇതു നിർണായക തെളിവായി. ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ എന്നിവയിൽ നിന്നു ഫൊറൻസിക് ലാബ് അധികൃതർ കണ്ടെത്തിയ തെളിവും നിർണായകമായി.

ലിജീഷ് ഏക ദൃക്സാക്ഷി

2007 ഡിസംബർ ആറിനായിരുന്നു അനുശാന്തിയും ലിജീഷും തമ്മിലുള്ള വിവാഹം. ഇവരുടെ ഏക മകളായ സ്വസ്തികയെയാണ് അനുശാന്തിയുടെ കാമുകൻ നിനോ മാത്യു കൊലപ്പെടുത്തിയത്. നിനോ മാത്യുവിന്റെ മുളകുപൊടിയേറ് ലക്ഷ്യം തെറ്റിയതും കഴുത്തിൽ വെട്ടേറ്റിട്ടും തലച്ചോറിലേക്കുള്ള ഞരമ്പിനു മുറിവേൽക്കാതിരുന്നതുമാണ് ലിജീഷിന്റെ ജീവൻ രക്ഷിച്ചത്. സംഭവസ്ഥലത്തു തന്നെ നിനോ മാത്യുവിനെ ലിജീഷ് തിരിച്ചറിഞ്ഞു.

കൊലപാതകം ഇവർ ആസൂത്രണം ചെയ്തതും ഹൈടെക്കായി

എന്തിനും ഏതിനും ഒരു പ്രൊജക്ടും അതിന് കൃത്യമായ ആസൂത്രണവും ഉണ്ടാകും എന്നതാണ് ടെക്‌നോപാർക്കിലെ ജോലിയുടെ സവിശേഷത. ഈ പ്രൊജക്ടിന് അനുസരിച്ച് ഓരോരുത്തരും അവരുടെ ജോലികൾ ചെയ്തു തീർക്കണം. ഇങ്ങനെ മികച്ച പ്രൊജക്ടുകൾ കൃത്യസമയത്ത് തീർപ്പാക്കി എല്ലാവരുടെയും കൈയടി നേടിയ വ്യക്തിത്വമാണ് ആറ്റിങ്ങൽ ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി നിനോ മാത്യു. സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും കൊലപ്പെടുത്താൻ അനുശാന്തി കാമുകനായ നിനോ മാത്യുവും ചേർന്ന് ഇത്തരത്തിൽ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഹൈടെക്കായി തന്നെയായിരുന്നു കൊലപാതകം ഇവർ ആസൂത്രണം ചെയ്തതും. വാട്‌സ് ആപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചായിരുന്നു അരുംകൊല പ്ലാൻ ചെയ്യാൻ ഇവർ ഉപയോഗിച്ചു.

ആദ്യാവസാനം ഒരു ക്രൈം ത്രില്ലറുപോലെയായിരുന്നു അരും കൊലയുടെ ആസൂത്രണം. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച സമയം മുതൽ ഒരോ നിമിഷവും കൊലപാതകം കൗണ്ട് ഡൗൺ ചെയ്യപ്പെടുകയായിരുന്നു. ഭർത്താവിനെയും മകളെയും ഇല്ലാതാക്കി സുഖജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളിൽ അവർ എല്ലാം മറന്നു. ഓമനയുടെയും സ്വാസ്തികയെയും തലതല്ലിപിളർന്നും ഗളച്ഛേദം നടത്തിയും ക്രൂരമായി കൊലപ്പെടുത്തും വരെ ഒരു ചുവടുപോലും പിഴയ്ക്കാത്ത ആസൂത്രണമായിരുന്നു ഇവരുടേത്.

ഒരോ ദിവസവും അസംഖ്യമായ വാട്ട്‌സ് ആപ് സന്ദേശങ്ങൾ, എസ്.എം.എസുകൾ, ഫോൺ കോളുകൾ, അനുശാന്തിയും നിനോ മാത്യുവും തമ്മിലുള്ള വഴിവിട്ട ജീവിതത്തിന്റെ നേർക്കാഴ്ചകളായ 300 ലധികം വീഡിയോ ക്ലിപ്പിംഗുകൾ. കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക തെളിവുകളായി കോടതിമുറിയിൽ അവ വിചാരണ ചെയ്യപ്പെട്ടു. കൊലപാതകത്തിൽ പിടിക്കപ്പെടുംവരെ ടെക്‌നോ പാർക്കിലെ കമ്പനിയിൽ നിന്ന് വീട്ടിലെത്തിയാൽ അനുശാന്തിയുടെ ഓരോ ചലനങ്ങളും സെക്കന്റ് ബൈ സെക്കന്റായി നിനോ മാത്യൂ അപ്പപ്പോൾ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വാട്ട്‌സ് ആപ് ചാറ്റിലെ സന്ദേശങ്ങൾ. നേരും പുലരും മുതൽ ഉറങ്ങുംവരെ ഓരോ നിമിഷവും ഫോണിലൂടെ പരസ്പരം അറിഞ്ഞ അവർ അതോടൊപ്പം നിമിഷങ്ങൾ എണ്ണി കൊലപാതകത്തിന്റെ സ്‌കെച്ചും പ്ലാനും അണിയറയിലൊരുക്കി. ഒടുവിൽ കൊലപാതകം നടപ്പിലാക്കിയപ്പോൾ പൊലീസിനെ സഹായകമായതും ഈ ഡിജിറ്റൽ തെളിവുകളാണ്.

കോടതിയിൽ നടന്ന വിചാരണ

ആറ്റിങ്ങൽ ഡിവൈ.എസ്‌പിയായിരുന്ന പ്രതാപൻനായരുടെ നേതൃത്വത്തിൽസിഐ അനിൽകുമാർ നടത്തിയ അന്വേഷണമാണ് പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ കേസിലെ സ്‌പെഷ്യൽ പബൽക്ക് പ്രോസിക്യൂട്ടർ വിനീത് കുമാറിനെ സഹായിച്ചത്. കൊലപാതകം നടന്ന് രണ്ടുവർഷത്തിനുള്ളിൽ അഞ്ചുമാസം നീണ്ട വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ഷെർസി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മരണത്തിന്റെ വായിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പ്രധാന സാക്ഷി കെ.എസ്.ഇ.ബി അസി. എൻജിനീയറായ ലിജേഷുൾപ്പെടെയുള്ളവരുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും സാഹചര്യങ്ങളുമാണ് കേസിൽ നിർണായകമായത്.

അന്വേഷണ ഉദ്യാഗസ്ഥരുൾപ്പെടെ 49 സാക്ഷികൾ, 41 തൊണ്ടിമുതലുകൾ, 85 രേഖകൾ എന്നിവയ്‌ക്കൊപ്പം വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകളും കേസിൽ തെളിവായി. നിനോമാത്യുവിന്റെയും അനുശാന്തിയുടെയും മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെത്തിയ എസ്.എംഎസുകളും വാട്ട് സ് ആപ്ചാറ്റുകളും ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ ഷാജിയുടെ സഹായത്തോടെ തിരിച്ചറിഞ്ഞ ലാപ് ടോപ്പിലെ 300 ലധികം വീഡിയോ ക്ലിപ്പിംഗുകളും കേസിൽ നിർണായകമായി. കൊലപാതകത്തിന്റെ വഴികൾ ഒന്നൊന്നായി വ്യക്തമാക്കുന്ന സംസാരിക്കുന്ന തെളിവുകളാണ് പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സഹായകമായത്.

കാമ പൂർത്തീകരണത്തിനാണ് പ്രതികൾ പിഞ്ച് കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയതെന്ന് കോടതി വിധിപ്രസ്താവത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. സൗദി അറേബ്യയിൽ ലഭിക്കുന്ന മുഴുവൻ സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുർഗന്ധം മാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.