കലോത്സവത്തിൽ ഹരിതച്ചട്ടം പാലിക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കാനാണ് ഈ പോസ്റ്റ്. കലോത്സവത്തിൽ ശുചിത്വം ഉറപ്പാക്കാൻ വിപുലമായ സൌകര്യങ്ങളാണ് തിരുവനന്തപുരം കോർപറേഷനും സംഘാടകരും ഒരുക്കിയിരിക്കുന്നത്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ഒരുക്കിയ സജ്ജീകരണങ്ങളോട് സഹകരിക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കലോത്സവം കാണാനെത്തുന്ന പൊതുജനങ്ങളും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളീയം, ചലച്ചിത്രോത്സവം ഉൾപ്പെടെയുള്ള പരിപാടികളിൽ മികവേറിയ ശുചിത്വ പ്രവർത്തനം ഏറ്റെടുത്ത് നടത്തിയ തിരുവനന്തപുരം കോർപറേഷൻ കലോത്സവത്തിലും പുത്തൻ മാതൃക സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ബോധവത്കരണത്തിനായി ശുചിത്വമിഷനും സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കലോത്സവത്തിൽ തിരുവനന്തപുരം കോർപറേഷൻ ഏർപ്പെടുത്തിയ മാലിന്യ സംസ്കരണ സംവിധാനങ്ങളും സൗകര്യങ്ങളും
⁃25 വേദികളില്‍ രണ്ട് ഷിഫ്റ്റിലായി ആകെ 50 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 100 ഹരിതകര്‍മ്മ സേനാംഗങ്ങള്‍, 100 ശുചീകരണ തൊഴിലാളികള്‍ എന്നിവരെയാണ് തിരുവനന്തപുരം കോർപറേഷൻ വിന്യസിച്ചിരിക്കുന്നത്. പൂർണസമയം ഇവർ ശുചിത്വം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
⁃ഭക്ഷണശാല ഒരുക്കിയിരിക്കുന്ന പുത്തരിക്കണ്ടം മൈതാനത്ത് രാവിലെ 6 മണിമുതല്‍ രാത്രി 12 മണിവരെ 3 ഷിഫ്റ്റുകളിലായി 100 ശുചീകരണത്തൊഴിലാളികളും 12 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും സേവനത്തിനുണ്ടാകും.
⁃മലിനജലം പുത്തരിക്കണ്ടത്ത് തന്നെ സംസ്കരിക്കുന്നതിന് മൊബൈല്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചു.
⁃60 താല്‍ക്കാലിക ടോയ് ലെറ്റുകളും പുത്തരിക്കണ്ടത്ത് സ്ഥാപിച്ചിട്ടുണ്ട്.
⁃കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങര വരെയുള്ള പ്രധാന റോഡും, വേദികളിലേക്കും അക്കമഡേഷന്‍ സെന്ററുകളിലേക്കുമുള്ള റോഡുകളും വൃത്തിയായി സൂക്ഷിക്കാൻ രാവിലെ 6 മണിമുതല്‍ രാത്രി 12 മണിവരെ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.
⁃പ്ലാസ്റ്റിക് ബോട്ടിലുകളുമായി വരുന്നവരില്‍ നിന്നും 10 രൂപ ബോട്ടില്‍ അറസ്റ്റ് ഫീസായി വാങ്ങാനും, തിരികെ പോകുമ്പോള്‍ തുക തിരികെ നല്‍കാനുമുള്ള തീരുമാനം അഭിനന്ദനാർഹമാണ്. ബോധവത്ക്കരണത്തിന് വലിയ സംഭാവന നൽകാൻ ഈ മാതൃകയ്ക്ക് കഴിയും. എല്ലാ പ്രധാന പരിപാടികളിലും ഇത്തരം മാതൃക സ്വീകരിക്കാൻ നമുക്ക് കഴിയണം.
⁃എല്ലാ വേദികളിലും മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിനായി ജൈവമാലിന്യ ശേഖരണ ബിന്നും അജൈവമാലിന്യ ശേഖരണ ബിന്നും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ബിന്നുകൾ താമസകേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.
⁃ജൈവമാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് അംഗീകൃത ഏജന്‍സികള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
⁃വേദികളില്‍ നിന്നും അക്കോമഡേഷന്‍ സെന്ററുകളില്‍ നിന്നും ദിവസേന രണ്ട് നേരം സാനിട്ടറി പാഡ് ഉള്‍പ്പെടെയുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കും.
⁃സെപ്റ്റേജ് മാലിന്യം ശേഖരിക്കുന്നതിനുള്ള വാഹന സൗകര്യം പൂർണസമയം ലഭ്യമാക്കിയിട്ടുണ്ട്.
⁃25 അക്കോമഡേഷന്‍ സെന്ററുകളിലും ക്ലീനിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവിടെ എല്ലാ ദിവസവും ഫോഗിംഗ് നടത്തും.
⁃കാര്യങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനും പരാതികൾ തീർപ്പാക്കാനുമായി പുത്തരിക്കണ്ടത്തും സെന്‍ട്രല്‍ സ്റ്റേഡിയത്തിലും കോർപറേഷൻ കണ്‍ട്രോള്‍ റൂമുകൾ.