ഇടുക്കി പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.

ഇടുക്കി: ഇടുക്കി പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ രണ്ട് പുരുഷന്മാരും സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി ബസ് വാടകക്കെടുത്ത് ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരുക്കേറ്റവർ ഈ ആശുപത്രിയിലും കാ‍ഞ്ഞിരപ്പള്ളി ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയാണ്. രാവിലെ 6.15 ഓടെയായിരുന്നു അപകടം. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിൽ ബസിനടിയിൽപെട്ടവരാണ് മരിച്ചതെന്നാണ് വിവരം. മറ്റുള്ളവ‍ർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം റോഡിൻ്റെ ബാരിക്കേഡ് തക‍ർത്ത് താഴ്ചയിലേക്ക് പോവുകയായിരുന്നു. ഇവിടെ റബ്ബർ മരങ്ങളിൽ തട്ടി ബസ് നിന്നു.