രാജസേനന്‍ സംവിധാനം ചെയ്ത 'ദില്ലിവാലാ രാജകുമാരന്‍' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ആണ് ഷാഫി സിനിമാ ജീവിതം തുടങ്ങിയത്. 2001ല്‍ ജയറാം നായകനായ 'വണ്‍മാന്‍ ഷോ' എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെയെത്തിയ കല്യാണരാമന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി. കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ മജ എന്ന തമിഴ് ചിത്രവും ഉള്‍പ്പെടുന്നു. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. 2022ല്‍ പുറത്തിറങ്ങിയ 'ആനന്ദം പരമാനന്ദം' ആയിരുന്നു അവസാന ചിത്രം.