തിരുവനന്തപുരം ∙ വിതരണക്കാരും വ്യാപാരികളും സമരമുഖത്തേക്കു നീങ്ങിയതോടെ സംസ്ഥാനത്തു റേഷൻ വിതരണം തുലാസിൽ. ഗതാഗത കരാറുകാർ ഈ മാസം ആദ്യം ആരംഭിച്ച പണിമുടക്ക് കാരണം 14,000 റേഷൻ കടകളിലും ജനുവരിയിലെ സാധനങ്ങൾ എത്തിയിട്ടില്ല. 94.82 ലക്ഷം കാർഡ് ഉടമകളിൽ പകുതിയിലേറെ (52.25 ലക്ഷം – 55.11%) പേർക്കു മാത്രമാണ് ഇതുവരെ റേഷൻ ലഭിച്ചത്. മുൻ മാസങ്ങളിലെ ശരാശരി വിതരണം പരിശോധിച്ചാൽ ഇനിയും 26 ലക്ഷം പേർക്കെങ്കിലും റേഷൻ കിട്ടാനുണ്ട്. വ്യാപാരികൾ തിങ്കളാഴ്ച മുതൽ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇനി വിതരണത്തിനു 2 ദിവസം മാത്രമാണു ബാക്കി.
ഒക്ടോബർ മുതലുള്ള കുടിശികയുടെ പേരിലാണു ഗതാഗത കരാറുകാരുടെ സമരം. സമരം പിൻവലിച്ചാലേ കുടിശിക നൽകൂ എന്നാണ് സപ്ലൈകോയുടെ നിലപാട്.