മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കൃഷിയിടത്തിലെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജെസിബി ഉപയോഗിച്ച് കിണര്‍ പൊളിച്ചണ് ആനയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ പശ്ചാതലത്തില്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കാട്ടാന അകപ്പെട്ട കിണറിന്റെ ഉടമയായ വെറ്റിലപ്പാറ സ്വദേശി സണ്ണിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാന വീണത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായി തുടരുന്നതിനിടെയായിരുന്നു സംഭവം. പ്രദേശത്ത് നിരന്തരമായി കാട്ടാന ശല്യമുണ്ടാവുന്നതിനാല്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശിച്ചിരുന്നു. കര്‍ഷകരായ പ്രദേശവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുട നേതൃത്വത്തില്‍ നാളെ രാവിലെ ഒമ്പത് മണിക്ക് ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്.