നിത്യഹരിത നായകൻ പ്രേംനസീറിനു ജന്മനാട്ടിലൊരുങ്ങുന്ന സ്മാരകത്തിന്റെ പണികൾ ഒച്ചിഴയും വേഗത്തിൽ.

ചിറയിൻകീഴ്: നിത്യഹരിത നായകൻ പ്രേംനസീറിനു ജന്മനാട്ടിലൊരുങ്ങുന്ന സ്മാരകത്തിന്റെ പണികൾ ഒച്ചിഴയും വേഗത്തിൽ. പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴിൽ ശാർക്കര ദേവീക്ഷേത്രത്തിനു സമീപം പഴയ മലയാളം പള്ളിക്കൂട ഭൂമിയിലാണ് പ്രേംനസീറിനായി സ്മാരകമൊരുങ്ങുന്നത്. രണ്ടുവർഷം മുൻപ്‌ പണി ആരംഭിച്ചെങ്കിലും നിർമാണം നീണ്ടുപോകുകയാണ്. യഥാസമയം ഫണ്ട് ലഭ്യമാക്കാത്തതാണ് നിർമാണപ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ കാരണമെന്നാണ് സൂചന. 15,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന മന്ദിരത്തിന്റെ ആദ്യനിലയുടെ നിർമാണം മാത്രമാണ് ഭാഗികമായി പൂർത്തിയായത്. മൂന്ന് നിലകളുള്ള മന്ദിരമാണ് വിഭാവനം ചെയ്തിരിക്കുന്നത്. സ്മാരകത്തിന്റെ പ്രധാന ആകർഷണ നിലയായ 6,699 ചതുരശ്ര അടിയാണ് ഇപ്പോൾ നിർമിക്കുന്നത്. ഇവിടെ പ്രധാന ഓഫീസ്, മ്യൂസിയങ്ങൾ, ഓപ്പൺ തിേയറ്റർ, ശൗചാലയം എന്നിവ സജ്ജമാക്കേണ്ടതുണ്ട്. തുടർന്നുള്ള ഒന്നാംനിലയ്ക്ക് 4263 ചതുരശ്ര അടിയാണുള്ളത്. ഇതിൽ ലൈബ്രറി, ക്യാന്റീൻ, ഗാലറി എന്നിവയാണ് നിർമിക്കേണ്ടത്. അതേസമയം ഇപ്പോഴത്തെ അവസ്ഥയിൽ സ്മാരകം ഒറ്റനിലയായി ചുരുങ്ങുമോ എന്ന ആശങ്കയിലാണ് ചിറയിൻകീഴിലെ കലാപ്രേമികൾ. മലയാളം പള്ളിക്കൂടത്തിന്റെ വകയായിരുന്ന 66.22 സെന്റ് ഭൂമി വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഏറ്റെടുത്താണ് സ്മാരക നിർമാണം ആരംഭിച്ചത്. 2.91 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയത്. 55 ലക്ഷം രൂപ എം.എൽ.എ. ഫണ്ടിൽനിന്നും 1.35 കോടി രൂപ സാംസ്‌കാരിക വകുപ്പിൽനിന്നുമാണ് ഇതിനായി ചെലവഴിച്ചത്. തുടർന്നുള്ള അടുത്ത ഘട്ടത്തിലാണ് വിശ്രമകേന്ദ്രം, ബോർഡ് റൂം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിർമാണം ആരംഭിച്ചത്. സ്മാരക നിർമാണത്തിന് 2020 ഒക്ടോബർ 26-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും കോവിഡിനെത്തുടർന്നുള്ള പ്രതിസന്ധിയിൽ നിർമാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. വി.ശശി എം.എൽ.എ. ചെയർമാനായ ഏഴംഗ സമിതിയാണ് സ്മാരക നിർമാണത്തിന്റെ ഭരണസമിതി അംഗങ്ങൾ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ചലച്ചിത്ര അക്കാദമി പ്രതിനിധി തുടങ്ങിയവർ അടങ്ങുന്ന ഈ സമിതി അംഗീകരിച്ച പ്ലാൻ പ്രകാരമാണ് സ്മാരകം നിർമിക്കുന്നത്.