സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച സംഭവം; പ്രതി പിടിയില്‍

മുംബൈ: കവര്‍ച്ചക്കായി വീട്ടില്‍ അതിക്രമിച്ചു കയറി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയില്‍. ഇന്നലെ വൈകീട്ടോടെ ദാദര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ പുലര്‍ച്ചെ 2.30ന് ബാന്ദ്രയിലെ അപ്പാര്‍ട്‌മെന്റില്‍ വെച്ചാണ് താരത്തിനെ പ്രതി മര്‍ദിച്ചത്. ആറോളം കുത്തുകളേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നട്ടെല്ലിന് സമീപത്ത് ആഴത്തില്‍ പതിച്ച ഹാക്‌സോ ബ്ലേഡിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. നടന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.സംഭവം മോഷണശ്രമമാണെന്നും താരത്തിന്റെ വീട്ടിലെ ജീവനക്കാരിയുമായി പ്രതിക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 20 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. അടിയന്തിര സ്റ്റെയര്‍കെയ്‌സ് വഴി പ്രതിയുടേതെന്ന് സംശയിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്നുള്ള സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. ഒരു ജീവനക്കാരിക്ക് കൈക്ക് കുത്തേറ്റിട്ടുണ്ട്.

പ്രതിയെ മുറിയില്‍ പൂട്ടിയിട്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു. പുറത്തും കഴുത്തിനും കൈയിലുമാണ് കുത്തേറ്റത്. പുറത്ത് നട്ടെല്ലിന് അടുത്ത് ആഴത്തിലുള്ള രണ്ടു മുറിവുകള്‍ ഗുരുതരമായിരുന്നു. മകന്‍ ഇബ്രാഹീം അലിഖാനാണ് ഓട്ടോയില്‍ നടനെ 3.30ഓടെ ആശുപത്രിയില്‍ എത്തിച്ചത്.