തുടർന്ന് വിശേഷാൽ ദീപാരാധനയും തീർത്ഥാടകർക്ക് മകരവിളക്ക് ദർശിക്കാനും ഉള്ള അവസരം ഒരുങ്ങും. ഇന്ന് വെർച്വൽ, സ്പോട്ട് ബുക്കിംഗിലൂടെ 41000 തീർത്ഥാടകരെ കൂടി സന്നിധാനത്തേക്ക് പ്രതീക്ഷിക്കുന്നുണ്ട്. ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അടക്കമുള്ളവർ സന്നിധാനത്ത് ഉണ്ട്.ദീപാരാധനയ്ക്ക് ശേഷം, ഭക്തരുടെ മനം നിറച്ച് കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ ഇപ്പോൾ തന്നെ നിറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ ഇതിനായുള്ള കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും.
ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക. അതേ സമയം, ഈ വ൪ഷത്തെ മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് സന്നിധാനത്ത് അറിയിച്ചു.
അതേ സമയം, മകര വിളക്ക് പ്രത്യേക പൂജകളും ആഘോഷ പരിപാടികളുമായി മുംബൈയിലെ മലയാളി ക്ഷേത്രങ്ങളും സജീവമാണ് . മുംബൈയിലാണ് കേരളത്തിന് പുറത്തെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രവും. വരുമാനത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചാണ് മുംബൈയിലെ ഈ അയ്യപ്പ ക്ഷേത്രം മാതൃകയാകുന്നത്.