അത് ചിര്‍ക്കെങ്കിലും സംശയമുണ്ടാക്കി.
രസകരമെന്ന് പറയട്ടെ മലയാളത്തില്‍ സമീപകാലത്തായി ആരംഭിച്ച ഒരു വാര്‍ത്താ ചാനലിലെ പത്ര അവലോകന പരിപാടിയിലും അവതരിപ്പിക്കപ്പെട്ടു, ഈ വാര്‍ത്ത. പക്ഷേ, വായനക്കാരില്‍ ചിലര്‍ക്ക് തോന്നിയ സംശയം പോലും വാര്‍ത്താ അവതാരകനുണ്ടായിരുന്നില്ല. വളരെ ഗൗരവമായിട്ടാണ് അവതാരകന്‍ വാര്‍ത്തയെ വിശകലനം ചെയ്തത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെ പേരുകള്‍ തെറ്റിച്ചുവന്ന റിപ്പോര്‍ട്ട് വളരെ ആധികാരികമായി തന്നെ അവതാരകന്‍ വായിച്ചു. പക്ഷേ, ആ ആധികാരികതയ്ക്ക് അധിക നേരമുണ്ടായിരുന്നില്ല. ആളുകള്‍ ആ വാര്‍ത്താ അവതരണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വിമര്‍ശനങ്ങളും പരിഹാസങ്ങളും തൊട്ടു പിന്നാലെ വന്നു.
കറന്‍സി നാടുനീങ്ങുമെന്ന വാര്‍ത്ത മാത്രമായിരുന്നില്ല ഒന്നാം പേജില്‍ ഉണ്ടായിരുന്നത്. ഫിഫ ലോകകപ്പ് ഫൈനലില്‍ ഭൂമിയും ചൊവ്വയും ഏറ്റുമുട്ടിയതും കടലിനടിയില്‍ നേരെ ചെന്ന് താമസിക്കാവുന്ന ഓഷ്യാനസ് എന്ന ആദ്യത്തെ ആഴക്കടല്‍ നഗരത്തെക്കുറിച്ചും റോബോട്ട് മന്ത്രിസഭാംഗമായതുമെല്ലാം വാര്‍ത്തയായി വന്നു. എല്ലാം അമ്പരപ്പിക്കുന്ന തലക്കെട്ടുകള്‍. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍. വാര്‍ത്തകളില്‍ ഒരിടത്തുപോലും ഇത് നുണയാണെന്നോ കല്‍പ്പിത കഥയാണെന്നോ ഉള്ള സൂചനകളില്ല. സ്വന്തം പേജുകളുടെ തനത് ഡിസൈന്‍ തന്നെയാണ് പത്രങ്ങള്‍ ഉപയോഗിച്ചത്. മിക്ക പത്രങ്ങളും സ്വന്തം ഫോണ്ട് തന്നെ ഉപയോഗിച്ചു. അതിനാല്‍ തന്നെ വായനക്കാര്‍ ഇടിവെട്ടേറ്റ അവസ്ഥയിലായി.
ഒന്നാം പേജിലെ വിചിത്രവാര്‍ത്തകള്‍ കണ്ട് 'കിളി പോയ' പലര്‍ക്കും പത്രം സൂക്ഷിച്ച് നോക്കിയപ്പോഴാണ് കാര്യം പിടി കിട്ടിയത്. ഒരു സ്വകാര്യ സര്‍വകലാശാലയുടെ പരസ്യമായിരുന്നു അത്. പത്രങ്ങളില്‍ സാധാരണ വരാറുള്ള മാര്‍ക്കറ്റിംഗ് ഫീച്ചര്‍. ചില പത്രങ്ങള്‍ മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്ന് തീരെ ചെറിയ അക്ഷരത്തില്‍ മുകളില്‍ എഴുതിപ്പിടിപ്പിച്ചിരുന്നു. എന്നാല്‍, മാര്‍ക്കറ്റിംഗ് ഫീച്ചര്‍ എന്നാല്‍ എന്താണെന്ന് അറിയാത്ത ഭൂരിപക്ഷം വായനക്കാര്‍ക്കും ഇതിന്റെ പരസ്യ തന്ത്രം പിടികിട്ടിയതേയില്ല. മാത്രമല്ല, കമ്പനികളുടെ അവകാശവാദങ്ങളും മറ്റും അതിശയോക്തി കലര്‍ത്തിയും മറ്റും എഴുതുക എന്നതല്ലാതെ, ഇല്ലാത്ത വാര്‍ത്തകള്‍ മാര്‍ക്കറ്റിംഗ് ഫീച്ചറായി വരിക സാധാരണവുമായിരുന്നില്ല.സംഗതി പരസ്യമാണെങ്കിലും പത്രത്തിലെ സാധാരണ ഒന്നാം പേജ് പോലെ തന്നെയാണ് പേജ് രൂപകല്‍പ്പന ചെയ്തത്. പ്രധാന പത്രങ്ങള്‍ ഉള്‍പ്പെടെ എട്ടോളം പത്രങ്ങള്‍ ഈ പരസ്യം ഒന്നാം പേജില്‍ തന്നെ അച്ചടിച്ച് വായനക്കാരെ വെള്ളം കുടിപ്പിക്കുകയായിരുന്നു.
നുണകളും കല്‍പ്പിതകഥകളും വാര്‍ത്തയെന്ന പേരില്‍ ഒന്നാം പേജില്‍ അടിച്ചിറക്കിയ പത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ തിരിച്ചടിയാണ് കിട്ടിയത്. നിരവധിപേര്‍ ഈ പരസ്യത്രന്തത്തെ രൂക്ഷമായി വിമര്‍ശിച്ചു. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യം നല്‍കുന്നത് മാധ്യമ ധാര്‍മികതക്ക് എതിരാണെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടു. പത്രങ്ങളുടെ ഓഫിസിലേക്കും സത്യാവസ്ഥ അറിയാന്‍ ഫോണ്‍ ചെയ്തതായതി അനവധി പേര്‍ പോസ്റ്റിട്ടു. ഫെബ്രുവരി ഒന്നുമുതല്‍ നോട്ടുകള്‍ ഇല്ലാതാകുമോ എന്ന് ചോദിച്ചായിരുന്നു നിരവധിയാളുകള്‍ വിളിച്ചത്.
എന്നാല്‍, അച്ചടി മാധ്യമങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് പരസ്യത്തിനായി ഇത്തരം നൂതന രീതികള്‍ പരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വാദിച്ചു. അതിനെതിരെയും ഉയര്‍ന്നു, വിമര്‍ശനം. ഇത് നൂതനരീതിയല്ല, പച്ചക്കള്ളം വാര്‍ത്തയുടെ കുപ്പായമിട്ട് വിറ്റ് വായനക്കാരെ പറ്റിക്കുന്ന നെറികേടാണെന്നായിരുന്നു മറുവാദങ്ങള്‍