തിരുവനന്തപുരത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം ബാലരാമപുരത്ത് കോട്ടുകാല്‍ക്കോണത്ത് കാണാതായ രണ്ടു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെ(2) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അമ്മയുടെ സഹോദരനെയും അടുത്ത ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സമീപത്തെ കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതിയ ഉയര്‍ന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി.അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍, മാതാപിതാക്കളേയും ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കിണറിന് കൈവകരികളുണ്ട്. അതിനാല്‍ത്തന്നെ കുഞ്ഞിന് തനിയെ പോകാനുമാകില്ല. ഇതാണ് സംശയത്തിന് ഇടവരുത്തുന്നത്.

അതേസമയം വീട്ടില്‍ തീ പിടിച്ചുവെന്നും അത് അണയ്ക്കുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത് എന്നുമാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. അമ്മയുടെ സഹോദരന്റെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. അവിടെയാണ് കുട്ടി കിടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.