ഹണി റോസിന് എതിരായ പരാമർശം; രാഹുൽ ഈശ്വറിന് തിരിച്ചടി

ഹണി റോസിന് എതിരായ പരാമർശത്തിൽ അറസ്റ്റ് തടയണമെന്ന രാഹുൽ ഈശ്വറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ നിലപാട് ഹൈക്കോടതി തേടി.ചാനൽ ചർച്ചകളിൽ പങ്കെടുക്കവെ രാഹുൽ നടത്തിയ പരാമർശങ്ങളിലാണ് ഹണി റോസ് പരാതി നൽകിയത്. ഹണിക്കെതിരായ പരാമർശങ്ങളിൽ തൃശ്ശൂർ സ്വദേശിയായ സലിം ഇന്ത്യയും രാഹുലിനെതിരെ പരാതി നൽകിയിരുന്നു. സൈബർ ഇടത്തില്‍ ഒരു ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയായിരുന്നു രാഹുല്‍ ഈശ്വർ എന്നും പരാതിയിൽ ആരോപണമുണ്ട്.

ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ ആണ് കടന്നുപോകുന്നതെന്നും അതിനു പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വര്‍ ആണെന്നും ഹണിറോസ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നു. കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് രാഹുല്‍ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഹണി റോസ് പറഞ്ഞിരുന്നു. തുടർന്നാണ്, ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെയും ഹണി റോസ് നിയമപോരാട്ടം ആരംഭിച്ചത്.