റോഡില്‍ ‘വേല’ കാണിച്ചാല്‍ ഇനി ഗാന്ധിഭവനില്‍ ‘വേല’ ചെയ്യേണ്ടി വരും; സന്മാര്‍ഗ്ഗ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് ഗതാഗത മന്ത്രി

റോഡില്‍ ‘വേല’ കാണിച്ചാല്‍ ഇനി ഗാന്ധിഭവനില്‍ ‘വേല’ ചെയ്യേണ്ടി വരും. ഗതാഗതവകുപ്പ് ആരംഭിച്ച സന്മാര്‍ഗ്ഗ പരിശീലന കേന്ദ്രo പത്തനാപുരം ഗാന്ധിഭവനില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റോഡ് അപകടങ്ങളുടെ ശിക്ഷാനടപടികള്‍ മാതൃകാപരമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.അശ്രദ്ധയും അഹംഭാവവുമാണ് റോഡില്‍ അപകടകരമായി വാഹനമോടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓരോത്തരുടേയും ഉള്ളില്‍ കിടക്കുന്ന ഞാന്‍ എന്ന ഭാവം മാറിയാല്‍ത്തന്നെ അന്‍പതു ശതമാനത്തോളം റോഡപകടങ്ങളും കുറയുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതിന്റെ ഭാഗമാണ് പുതിയ പദ്ധതിയെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വണ്ടിയുടെ പുറത്തിരുന്ന് യാത്ര ചെയ്യുകയും ഡാന്‍സ് കളിക്കുകയുമൊക്കെ ചെയ്തപ്പോള്‍ അതൊരു തെറ്റായ നടപടിയാണെന്ന് തോന്നി. പക്ഷേ കുഞ്ഞുങ്ങളല്ലെ. നമുക്കവരെ ശിക്ഷിക്കുന്നതിന് ഒരു മര്യാദയൊക്കെയുണ്ട്. അതിനാണ് പുതിയ പരിപാടി – അദ്ദേഹം വ്യക്തമാക്കി.വാഹനം ഓടിക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടിയല്ലെന്നും മന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍.മോട്ടോര്‍വാഹന നിയമങ്ങള്‍ ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ചെറുപ്പക്കാരെയും പത്തനാപുരം ഗാന്ധിഭവനില്‍ എത്തിച്ച് നിശ്ചിതകാലം താമസിച്ചു സന്‍മാര്‍ഗ്ഗ പരിശീലനം നല്‍കും. ഗാന്ധിഭവന്‍ ചെയര്‍പേഴ്സണ്‍ ഷാഹിദാ കമാല്‍ അദ്ധ്യക്ഷയായ ചടങ്ങില്‍ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം,അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.എസ്. പ്രമോജ് ശങ്കര്‍ ,തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ് നന്ദി പറഞ്ഞു.