ബുമ്രയുടെ അഭാവത്തിലും ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ! സിഡ്‌നിയില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്ക് നാല് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185നെതിരെ ആതിഥേയര്‍ 181ന് എല്ലാവരും പുറത്തായി. 57 റണ്‍സ് നേടിയ അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്സ്റ്ററാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ജസ്പ്രിത് ബുമ്ര, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മത്സരത്തിനിടെ ബുമ്ര ഗ്രൗണ്ട് വിട്ടത് ഇന്ത്യക്ക് തിരിച്ചടിയാണ്. അദ്ദേഹത്തെ സ്‌കാനിംഗിന് വിധേയനാക്കും. നേരത്തെ, നാല് വിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ് രണ്ടും വിക്കറ്റ് വീഴ്ത്തി. 40 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ന് ആദ്യ സെഷന്‍ മുതല്‍ ഓസീസ് കൂട്ടുത്തകര്‍ച്ച നേരിട്ടു. ആദ്യം മടങ്ങിയത് മര്‍നസ് ലബുഷാനെ ആയിരുന്നു. രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ബുമ്ര, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലേക്കയച്ചു. തുടര്‍ന്ന് മുഹമ്മദ് സിറാജ് ഓസീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ആദ്യം സാം കോണ്‍സ്റ്റാസിനെ (23) മടക്കിയാണ് സിറാജ് വിക്കറ്റ് കോളത്തില്‍ ഇടം പിടിച്ചത്. യശസ്വി ജയ്സ്വാളിന് ക്യാച്ച്. അതേ ഓവറില്‍ ട്രാവിസ് ഹെഡിനേയും (4) സിറാജ് മടക്കി. കെ എല്‍ രാഹുല്‍ ഇത്തവണ ക്യാച്ചെടുത്തത്. പിന്നാലെ പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് നേടി. സ്റ്റീവ് സ്മിത്തിനെ (33) സ്ലിപ്പില്‍ രാഹുലിന്റെ കൈകളിലെത്തിക്കാന്‍ പ്രസിദ്ധിന് സാധിച്ചു.തുടര്‍ന്ന് അലക്സ് ക്യാരിയെ (21) ബൗള്‍ഡാക്കി. ഇതോടെ ആറിന് 137 എന്ന നിലയിലായി ഓസീസ്. പാറ്റ് കമ്മിന്‍സ് (10), മിച്ചല്‍ സ്റ്റാര്‍ക്ക് (1) എന്നിവരെ നിതീഷ് കുമാര്‍ റെഡ്ഡി തിരിച്ചയച്ചു. ഇതിനിടെ വെബ്സ്റ്റര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. പിന്നാലെ പ്രസിദ്ധിന്റെ പന്തില്‍ പുറത്തായി. തുടര്‍ന്ന് ബോളണ്ടിനെ ബൗള്‍ഡാക്കി സിറാജ് ഓസീസിനെ 181ല്‍ ഒതുക്കി. ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് ഒന്നാം ദിനം നഷ്ടമായിരുന്നു. ബുമ്രയുടെ പന്തില്‍ രാഹുലിന് വിക്കറ്റ് നല്‍കുകയായിരുന്നു താരം.

നേരത്തെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. യശസ്വി ജയസ്വാള്‍ (10), കെ എല്‍ രാഹുല്‍ (4), ശുഭ്മാന്‍ ഗില്‍ (20) എന്നിവര്‍ ആദ്യ സെഷനില്‍ തന്നെ മടങ്ങി. രാഹുലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. സ്റ്റാര്‍ക്കിന്റെ പന്ത് ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ സാം കോണ്‍സ്റ്റാസിന് ക്യാച്ച് നല്‍കുകയായിരുന്നു രാഹുല്‍. പിന്നാലെ ജയ്‌സ്വാളും പവലിയനില്‍ തിരിച്ചെത്തി. ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ബ്യൂ വെബ്‌സറ്റര്‍ക്ക് ക്യാച്ച്. ആദ്യ സെഷന്റെ അവസാന പന്തിലാണ് ഗില്‍ മടങ്ങിയത് ഇന്ത്യക്ക് കനത്ത് ആഘാതമായി. നതാന്‍ ലിയോണിന്റെ പന്ത് ക്രീസ് വിട്ട് പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കി.രണ്ടാം സെഷനിന്റെ തുടക്കത്തില്‍ കോലിയും പവലിനയില്‍ തിരിച്ചെത്തി. സ്‌കോട്ട് ബോളണ്ടിനായിരുന്നു വിക്കറ്റ്. ഇതോടെ നാലിന് 72 എന്ന നിലയിലായി ഓസീസ്. ആ സെഷനില്‍ പിന്നീട് വിക്കറ്റൊന്നും നഷ്ടമായില്ല. പന്ത് - രവീന്ദ്ര ജഡേജ (26) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. തുടര്‍ന്ന് പന്തിനെ പുറത്താക്കി ബോളണ്ട് ഇന്ത്യയുടെ കൂട്ടുത്തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. ബോളണ്ടിനെതിരെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമിത്തില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ കയ്യില്‍ അവസാനിച്ചു പന്ത്. തൊട്ടടുത്ത പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും (0) മടങ്ങി. ജഡേജയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍, വാഷിംഗ്ടണ്‍ സുന്ദര്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. പ്രസിദ്ധ് കൃഷ്ണയാവട്ടെ (3) സ്റ്റാര്‍ക്കിനെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് കോണ്‍സ്റ്റാസിന് ക്യാച്ച് നല്‍കി. ജസ്പ്രിത് ബുമ്ര (22) മുഹമ്മദ് സിറാജ് സഖ്യം സ്‌കോര്‍ 180 കടത്തി. കമ്മിന്‍സിനെ ഒരു സിക്സടിച്ച ബുമ്ര അടുത്ത പന്തില്‍ കീഴടങ്ങുകയും ചെയ്തു. സിറാജ് പുറത്താവാതെ നിന്നു.