ദേശീയപാതയിൽ വാഹനത്തിൽ ബോധരഹിതനായ ഡ്രൈവർക്ക് പൊലീസിൻ്റെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടി.

അരൂർ- ഇടപ്പള്ളി ദേശീയപാതയിൽ നെട്ടൂർ ജങ്ഷനിലാണ് സംഭവം. കൊച്ചി സിറ്റി കണ്ട്രോൾ റൂമിലെ എഎസ്ഐ കെ പി വിജുവും സംഘവും കൺട്രോൾ റൂം വാഹനത്തിൽ പതിവ് പട്രോളിങ് നടത്തുന്നതിനിടെയാണ് പിക്കപ് വാൻ നടുറോഡിൽ പെട്ടെന്ന് നിർത്തിയത് ശ്രദ്ധയിൽ പെട്ടത്.
പട്രോളിംഗ് സംഘം സമീപത്തെത്തി പരിശോധിച്ചപ്പോൾ ഡ്രൈവർസീറ്റിലിരുന്നയാൾ വശത്തേക്ക് ബോധരഹിതനായി വീണു കിടക്കുന്നതായാണ് കണ്ടത്. ഉടൻ പൊലീസ് വാഹനത്തിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഡ്രൈവർക്ക് രക്തസമ്മർദം ഉയർന്ന് തലയിലെ ഞരമ്പ് പൊട്ടിയെന്ന് സ്ഥിരീകരിച്ചു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടിയതായി ഡോക്ടർമാർ അറിയിച്ചു. സിപിഒ മാരായ ജി മനു, എസ് സന്ദീപ് എന്നിവർ ചേർന്നാണ് ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചത്.

 #keralapolice