ഉമ തോമസ് അപകടം; പൊലീസ് അന്വേഷണം തുടരുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി

കൊച്ചി: ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ് എംഎൽഎ ഉമ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ വിവാദം തുടരുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ഇന്നലെ രാത്രി 11.30 ക്കാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. സിംഗപൂര്‍ വഴിയാണ് അമേരിക്കയിലേക്ക് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത്. കലൂരിലെ നൃത്ത പരിപാടിയിലെടുത്ത കേസിൽ ദിവ്യ ഉണ്ണിക്ക് പൊലീസ് നോട്ടീസ് നൽകുമെന്ന വിവരങ്ങൾക്കിടെയാണ് നടി മടങ്ങിയത്. ദീർഘ നാളായി അമേരിക്കയിൽ സ്ഥിര താമസമാണ് ദിവ്യ ഉണ്ണി.ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേൽക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷൻ മാനേജിങ് ഡയറക്ടർ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. 390 രൂപയുടെ സാരിയ്ക്ക് 1600 രൂപ വാങ്ങിയത് തങ്ങളറിഞ്ഞല്ലെന്ന് കല്യാൺ സിൽക്സ് കൂടി പരസ്യമായി പറഞ്ഞതോടെയാണ് സാമ്പത്തിക ചൂഷണത്തിന് പൊലീസിന്‍റെ നടപടി. പണം നൽകിയ വീട്ടമ്മ തന്നെ പരാതി നൽകിയതോടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തത്. നിഗോഷ് കുമാറിന് പുറമേ , മൃദംഗ വിഷൻ സി ഇഒ ഷമീർ അബ്ദുൾ റഹീം, നൃത്താധ്യാപികയായ പൂർണിമ, നിഗോഷ് കുമാറിന്‍റെ ഭാര്യ എന്നിവരെയാണ് പ്രതിചേർത്തത്. ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നികോഷ് കുമാറിന് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദേഷം. എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. എന്നാൽ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും എല്ലാ ഇടപാടുകളും നിയമപരമെന്നുമാണ് നിഗോഷ് കുമാറിന്‍റെ നിലപാട്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് മാർഗരേഖ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.പരിപാടിയുടെ ബ്രാൻഡ് അമ്പാസിഡർ ആയിരുന്ന ദിവ്യ ഉണ്ണി, ബ്രാൻഡിങ്ങുമായി സഹകരിച്ച നടൻ സിജോയ് വർഗീസ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. പരിപാടിയുമായി ഇവർക്കുണ്ടായിരുന്ന കരാർ എന്താണ്, സാമ്പത്തിക ഇടപാടുകൾ എങ്ങനെയാണ് എന്നാണ് പരിശോധിക്കുന്നത്. ഇതിനിടെയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്. സംഭവത്തില്‍ പരസ്യ പ്രതികരണമൊന്നും നടത്താതെയാമ് നടിയുടെ മടക്കം.