ജാമ്യമില്ല; ബോബി ചെമ്മണ്ണൂർ റിമാൻഡിൽ




നടിയുടെ ശരീരത്തിൽ ബോബി ചെമ്മണ്ണൂർ അനുവാദമില്ലാതെ സ്പർശിച്ചെന്നും ആ ചടങ്ങിൽനിന്ന് ഏറെ മനോവേദനയോടെയാണ് അവർ ഇറങ്ങിപ്പോന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഹണി റോസിനെ ആയിരക്കണക്കിനാളുകളുടെ മുന്നിൽവെച്ചാണ് അപമാനിച്ചതെന്നും വാദമുയർന്നു. എന്നാൽ, മാപ്പുപറയേണ്ട തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ബോബി ചെമ്മണ്ണൂർ ചെയ്തത്. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ച് പറയുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാദിച്ചു.

ബോബി ചെമ്മണ്ണൂരിന്റെ വാദങ്ങളെ ശക്തമായി എതിർക്കുകയായിരുന്നു പ്രോസിക്യൂഷൻ. ബോബിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ബോബി ദ്വയാർത്ഥ പ്രയോ​ഗം നടത്തിയെന്നും ഇതിനുശേഷം തുടർച്ചയായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നും പ്രോസിക്യൂഷൻ വാദിച്ചു. അനുവാദമില്ലാതെ ഹണി റോസിന്റെ ശരീരത്തിൽ സ്പർശിച്ചു. അവരെ അപമാനിച്ചത് ആയിരക്കണക്കിനാളുകളുടെ മുന്നിൽവെച്ചാണ്. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. എല്ലാവർക്കും മനസിലാവുന്ന ദ്വയാർത്ഥ പ്രയോ​ഗങ്ങളാണ് അദ്ദേഹം നടത്തിയത്. ഉദ്ഘാടനച്ചടങ്ങിൽനിന്ന് ഏറെ വേദനിച്ചാണ് ഹണി റോസ് മടങ്ങിയത്.ഹണി റോസിനെ ബോധപൂർവം അപമാനിക്കാനായിരുന്നു പ്രതിയുടെ ശ്രമം. വലിയ സ്വാധീനമുള്ളയാളാണ് ബോബി. അതിനാൽ ജാമ്യം നൽകിയാൽ ഒളിവിൽപ്പോവാനുള്ള സാധ്യത ഏറെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

നടി ഹണി റോസ് നൽകിയ അശ്ലീല അധിക്ഷേപ പരാതിയെത്തുടർന്ന് കഴിഞ്ഞദിവസം വയനാട്ടിൽവെച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുക്കുകയും എറണാകുളത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ​ഗൗരവമുള്ള കുറ്റമാണ് ബോബിക്കെതിരെയുള്ളതെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.