വർക്കല : വർക്കല താലൂക്ക് ആശുപത്രിയിൽ അക്രമസംഭവങ്ങൾ ആവർത്തിക്കുന്നു. രണ്ടുമാസത്തിനിടെ വിവിധ സംഭവങ്ങളിലായി രണ്ടുപേർക്ക് കുത്തേൽക്കുകയും രണ്ടുപേർക്ക് മർദനത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഡോക്ടർക്കും ആശുപത്രിജീവനക്കാർക്കു നേരേയും ആക്രമണമുണ്ടാകുന്നു. രോഗികൾക്കൊപ്പമെത്തുന്നവർ പരസ്പരം വഴക്കിടുന്നതും പോരടിക്കുന്നതും പതിവാകുന്നു.
മതിയായ സുരക്ഷാസംവിധാനമില്ലാത്തതാണു സംഘർഷങ്ങൾ വർധിക്കാൻ കാരണമാകുന്നത്. നൂറുകണക്കിനു രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഗർഭിണിയായ ഭാര്യയ്ക്കൊപ്പം ആശുപത്രിയിൽ എത്തിയ ഭർത്താവിനു കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. നഗരൂർ സ്വദേശി അക്ബർ ഷാ(26)യ്ക്കാണ് കുത്തേറ്റത്. കൈക്കു പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ആറന്മുള സ്വദേശി ലിജു സി.മാത്യു(29)വാണ് കുത്തിയത്. മദ്യലഹരിയിൽ ലിജു അസഭ്യം വിളിച്ചത് പറഞ്ഞുവിലക്കിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. കഴിഞ്ഞ ഒക്ടോബർ 27-ന് രാത്രി കൈക്ക് മുറിവേറ്റ് എത്തിയ യുവാവിനൊപ്പമുള്ള സംഘവും ആംബുലൻസ് ഡ്രൈവർമാരും ആശുപത്രിയിൽ ഏറ്റുമുട്ടിയിരുന്നു. ഒരു ആംബുലൻസ് ഡ്രൈവർക്ക് കുത്തേൽക്കുകയും രണ്ട് ആംബുലൻസ് ഡ്രൈവർമാർക്ക് പരിക്കേൽക്കുകയും ചെയ്തു.
താലൂക്ക് ആശുപത്രിജീവനക്കാർക്കു നേരേ മൂന്ന് അക്രമസംഭവങ്ങൾ ഈ വർഷമുണ്ടായി. കഴിഞ്ഞ സെപ്റ്റംബറിൽ വനിതാ ഡോക്ടറെ രോഗിക്കൊപ്പം വന്നയാൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. ജനുവരിയിൽ വനിതാ ഫാർമസിസ്റ്റിനെ രോഗിക്കൊപ്പം വന്നയാൾ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
നിരവധി കേസുകളിൽ പ്രതിയാണ് ആശുപത്രിയിൽ അക്രമം കാട്ടിയത്. ജൂണിൽ സുരക്ഷാജീവനക്കാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചിരുന്നു. ആശുപത്രിക്കുള്ളിൽ അക്രമം കാട്ടിയ പ്രതിയെ പുറത്താക്കിയപ്പോഴാണ് കല്ലെറിഞ്ഞത്. അസഭ്യംവിളിപോലുള്ളവ മിക്കപ്പോഴുമുണ്ടാകുന്നു.
ആശുപത്രി സംരക്ഷണനിയമം വന്നശേഷവും അക്രമങ്ങൾ തുടരുന്നതായാണ് ഇതെല്ലാം തെളിയിക്കുന്നത്. രാത്രിയിൽ രോഗികൾക്കൊപ്പം മദ്യലഹരിയിലെത്തുന്നവരാണ് ആശുപത്രിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
ഉടനടി ചികിത്സ ലഭ്യമായില്ലെങ്കിൽ ഇവർ പ്രകോപിതരാകുകയും അത്യാഹിത വിഭാഗത്തിൽ കടന്ന് ബഹളംവയ്ക്കുകയും ചെയ്യും. രണ്ട് സുരക്ഷാജീവനക്കാർ മാത്രമാണ് ആശുപത്രിയിലുള്ളത്.
അക്രമസ്വഭാവം കാട്ടുന്നവരെ നിയന്ത്രിക്കാൻ പലപ്പോഴും ഇവർക്ക് കഴിയാറില്ല. ആശുപത്രിയിലുള്ള മറ്റാരെങ്കിലും ചോദ്യംചെയ്താൽ സംഘർഷത്തിലേക്കു നീങ്ങും.
അടുത്തുണ്ടായ കുത്തുകേസുകൾ ഇങ്ങനെ സംഭവിച്ചതാണ്. എച്ച്.എം.സി. വഴിയാണ് സുരക്ഷാജീവനക്കാരെ നിയോഗിച്ചിട്ടുള്ളത്. കൂടുതൽ സുരക്ഷാജീവനക്കാർ ആവശ്യമാണ്. അത്യാഹിത വിഭാഗത്തിലടക്കം ഏതാനും സി.സി.ടി.വി. ക്യാമറകൾ മാത്രമാണുള്ളത്. പോലീസ് എയ്ഡ്പോസ്റ്റ് വേണമെന്ന് ആശുപത്രി അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.