ഇന്ന് ജനുവരി 9...ദേശീയ പ്രവാസി ദിനം. 1915 ജനുവരി 9 ന് സൗത്ത് ആഫ്രിക്കയിൽ നിന്നും മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ ദിവസം

ഇന്ന് ജനുവരി 9...ദേശീയ പ്രവാസി ദിനം. 1915 ജനുവരി 9 ന് സൗത്ത് ആഫ്രിക്കയിൽ നിന്നും മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ ദിവസം പ്രവാസി ദിനമായി ആഘോഷിക്കുന്നത്. സത്യത്തിൽ ഈയൊരു ദിവസം മാത്രമല്ല നമ്മൾ പ്രവാസികൾക്കായി മാറ്റിവയ്ക്കേണ്ടത്. ജനിച്ച മണ്ണും, നാടും, വീടും വിട്ടുനിൽക്കുന്നവർക്ക് താങ്ങാവേണ്ടതും അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കേണ്ടതും നമ്മളാണ്. എന്നാൽ മാറിമാറി വരുന്ന ഭരണത്തിനോ അധികാരികൾക്കോ അതിനാവുന്നില്ലെന്നതാണ് വാസ്തവം. പ്രവാസികൾക്കുവേണ്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്ന മിക്ക പദ്ധതികളും യാഥാർത്ഥ്യമാകാതെ പോകുന്നത് പ്രവാസിസമൂഹത്തെ വലിയ നിരാശയിലാഴ്ത്തുന്നുണ്ടെന്നത് അധികാരികൾ മനസ്സിലാക്കണം. കപ്പൽസർവീസ് എയർകേരള പദ്ധതികളൊക്കെ ഇങ്ങനെ ഇല്ലാതായിപ്പോകുന്നതിൽ പെട്ടതാണ്. അനിയന്ത്രിതമായ വിമാനയാത്രാ നിരക്ക് വർദ്ധനവും, പ്രവാസികളുടെ വോട്ടവകാശവും പ്രവാസികളുടെ മക്കളുടെ വിദ്യഭ്യാസവുമായിരുന്നു പ്രധാനമായും പരിഹാരം കാണേണ്ട വിഷയങ്ങൾ. ഇതിൽ പ്രവാസികളുടെ വോട്ടവകാശവും വിമാന യാത്രാ നിരക്ക് വർദ്ധനവിലുള്ള ഇടപെടലും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതാണെന്നതിൽ തർക്കമില്ല. കഴിഞ്ഞ 50 വർഷമായി നിലനിൽക്കുന്ന പ്രശ്നമാണ് പ്രവാസി വോട്ടവകാശം. വിവിധ രാജ്യങ്ങൾ അതാതു രാജ്യത്തെ പൗരന്മാർക്ക് വിദേശങ്ങളിൽ നിന്നു പോലും വോട്ടവകാശം ഉറപ്പാക്കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. എന്നാൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്, ആ രാജ്യത്തിന്റെ സർവമേഖലകളിലും പുരോഗതിക്ക് നിതാനമായി മാറിയ പ്രവാസി സമൂഹത്തിന്റെ കാര്യത്തിൽ അനുകൂല നിലപാടെടുക്കാൻ വലിയ സമയം വേണ്ടി വരുന്നു.

വിമാനയാത്രാ നിരക്ക് വർദ്ധനവിൽ സർക്കാർ യാതൊരു പ്രായോഗിക നിയന്ത്രണം വരുത്തിടത്തോളം അത് പ്രവാസികളെ ചൂഷണം ചെയ്യാനുള്ള ഒരു അവസരം മാത്രമാണ്. വിമാനക്കമ്പനികൾക്ക് യാതൊരു നഷ്ടവും വരാതെ തന്നെ ഈ ചൂഷണ വ്യവസ്ഥക്ക് അന്ത്യം കുറിക്കാൻ സാധിക്കും. ഇതിനുള്ള പ്രായോഗിക പരിഹാര മാർഗ്ഗങ്ങൾ പോലും പ്രവാസി സംഘടനകളുടെ പഠനങ്ങളിലൂടെയും ആലോചനകളിലൂടെയും ഉരിത്തിരിഞ്ഞു വന്നിട്ടുണ്ട്. സർക്കാർ ഇതിനെ മുഖവിലക്കെടുക്കുകയേ വേണ്ടൂ. നാടിന്റെ സർവ്വ മേഖലകളിലെയും വികസന മുന്നേറ്റത്തിന് നട്ടെല്ലായി വർത്തിക്കുന്ന പ്രവാസി സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളോട് മുഖം തിരിക്കുന്ന സർക്കാർ സമീപനങ്ങളിൽ മാറ്റം കൊണ്ടുവരാനും ശക്തമായ ഇടപെടലുകൾ ആവശ്യപ്പെട്ടു കൊണ്ടും സർക്കാരുകളുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി കെപിഎ നിരന്തരമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ലോകം അതിവേഗം മാറുന്ന വർത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി പ്രവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് മാത്രം മാറ്റം വരുന്നില്ലെന്നതും തീർത്തും വേദനാജനകമാണ്. അവഗണനയുടെ നോവും പേറി വിദേശത്തു കഴിയുന്ന ജനതയുടെ അവകാശങ്ങൾ നിറവേറ്റേണ്ടത് നമ്മുടെ കൂടി കടമയാണെന്നുള്ള ഓർമപ്പെടുത്തലാവട്ടെ ഈ ദിനം.

#KeralaPravasiAssociation