8 വർഷത്തിനിടെ കെഎസ്ആർടിസി ആക്രി വിലയ്ക്കു വിറ്റത് 2089 പഴകിയ ബസുകൾ, നേടിയത് 39 കോടി

ആലപ്പുഴ: എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ. ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണിത്. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതൽ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതിൽ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയിൽ മിക്കതും കാലാവധി കഴിഞ്ഞതാണ്. ഇവ കെ. എസ്. ആർ. ടി. സി. പൊളിച്ചു വിൽക്കാറില്ല. പകരം കേന്ദ്ര സ്ഥാപനമായ മെറ്റൽ സ്റ്റീൽ ട്രേഡിങ് കോർപ്പറേഷൻ മുഖേന ഓൺലൈനായാണു വ്യാപാരം. ആക്രിവിലയ്ക്ക് ഏറ്റവും കൂടുതൽ വിറ്റത് 2004-ൽ വാങ്ങിയ ബസുകളാണ്-461 എണ്ണം. കൂടുതൽ പണം കിട്ടിയത് 2022-23 കാലയളവിലാണ്. 14.53 കോടി രൂപ. 2016-17 ല്‍ 1.77, കോടി, 2017-18 ല്‍ 8.07 കോടി, 2018-19 ല്‍ 5.09 കോടി, 2019-20 ല്‍ 1.36 കോടി, 2020-21 ല്‍ 75.25 ലക്ഷം, 2021-22 ല്‍ 1.85 കോടി, 2023-24 ല്‍ ആറു കോടി എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളില്‍ ബസ് വിറ്റതിലൂടെ ലഭിച്ച തുക.