എങ്കിലുമെന്റെ പൊന്നേ…! സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 60,760 രൂപ

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 680 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 60,760 രൂപയായി. ഗ്രാമിന് 85 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 7595 രൂപയായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസമായി താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹാവശ്യത്തിന് സ്വര്‍ണമെടുക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് വലിയ ആഘാതമായി സ്വര്‍ണവില വീണ്ടും പുതിയ ഉയരം കുറിച്ചിരിക്കുന്നത്.കഴിഞ്ഞയാഴ്ചയാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 60000ന് മുകളിലേക്കുന്നത്. ട്രംപ് ഇഫക്ട് തന്നെയാണ് ഇന്നും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചതെന്നാണ് സൂചന. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതില്‍ ആഗോളതലത്തില്‍ ഉയര്‍ന്ന ആശങ്കയെ തുടര്‍ന്ന് ഇന്ത്യയിലെ ഓഹരി വിപണിയും കൂപ്പുകുത്തിയിരുന്നു.അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.