സംസ്ഥാന സ്കൂൾ കലോത്സവം: ആദ്യദിനം പൂർത്തിയായത് 58 ഇനങ്ങൾ; കണ്ണൂർ മുന്നിൽ, തൃശ്ശൂർ രണ്ടാമത്

തിരുവനന്തപുരം: തലസ്ഥാന നഗരിയെയാകെ ഉത്സവ ലഹരിയിലാക്കി 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂർത്തിയായയത്. ആദ്യദിനം പൂർത്തിയാകുമ്പോൾ 215 പോയിന്റുമായി കണ്ണൂരാണ് ഒന്നാമത്. 214 പോയിന്റുമായി തൃശൂർ രണ്ടാമതുമുണ്ട്. 213 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്. ആലപ്പുഴ തൊട്ട് പിന്നാലെയുണ്ട്.


സംസ്കൃതോത്സവത്തിൽ 35 പോയിന്റുമായി നാല് ജില്ലകളാണ് മുന്നിൽ. മലപ്പുറം പാലക്കാട് കോഴിക്കോട് കാസർകോട് ജില്ലകളാണ് മുന്നിൽ

33 പോയിന്റുമായി കൊല്ലം തൊട്ട് പിന്നിലുണ്ട്. ആകെയുള്ള 249 മത്സര ഇനങ്ങളിൽ 58 എണ്ണമാണ് ആദ്യദിനം പൂർത്തിയായത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനത്തിൽ 217 അപ്പീലുകളാണ് എത്തിയത്. എല്ലാ വിദ്യാഭ്യാസ ഓഫീസുകൾ വഴിയും എത്തിയത് 163 അപ്പീലുകളാണ്. കോടതി വഴി എത്തിയത് 76 അപ്പീലുകളും ബാലാവകാശ കമ്മീഷൻ വഴിയെത്തിയത് ഒരു അപ്പീലുമാണ്.


ഹയർ സെക്കൻഡറി വിഭാഗത്തിൽ 23, ഹൈസ്‌കൂൾ വിഭാഗത്തിൽ 22, ‌സംസ്‌കൃതം കലോത്സവത്തിൽ 7, അറബിക് കലോത്സവത്തിൽ 6 ഇനങ്ങളുമാണ് പൂർത്തിയായത്. ഹൈസ്‌കൂൾ പെൺകുട്ടികളുടെ മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിതഗാനം, ഹൈസ്‌കൂൾ ആൺകുട്ടികളുടെ കഥകളി, ലളിതഗാനം എന്നീ മൽസരങ്ങളും ഹയർ സെക്കണ്ടറി പെൺകുട്ടികളുടെ സംഘനൃത്തം, ഭരതനാട്യം മൽസരങ്ങളും ഇന്ന് നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഒപ്പന, സംഘഗാനം, ദേശഭക്തിഗാനം, കഥകളി ഗ്രൂപ്പ്, പഞ്ചവാദ്യം, അറബന മുട്ട്, ഉറുദു ഗസൽ ആലാപനം മൽസരങ്ങളും അരങ്ങേറി. ഹൈസ്‌കൂൾ വിഭാഗത്തിലെ മാർഗംകളി, സംസ്‌കൃത നാടകം, അറബനമുട്ട്, ചാക്യാർ കൂത്ത്, നങ്ങ്യാർ കൂത്ത്, നാദസ്വരം, പഞ്ചവാദ്യം മൽസരങ്ങൾ നടന്നു.അറബിക് കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഖുർ ആൻ പാരായണം, മുശാറ, സംഭാഷണം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. സംസ്‌കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അഷ്ടപദി, പദ്യംചൊല്ലൽ, സമസ്യാപൂരണം, പ്രശ്‌നോത്തരി ഇനങ്ങളിൽ മൽസരങ്ങൾ നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ കാർട്ടൂൺ, കൊളാഷ്, മലയാളം കഥാരചന തുടങ്ങിയ മൽസരങ്ങളും നടന്നു.


വേദികളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്നതിനായി 70 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ പത്ത് ബസുകളും അറുപത് സ്‌കൂൾ ബസുകളുമാണ് സജ്ജമാക്കിയത്. ഏഴ് ക്ലസ്റ്ററുകളിലായി 25 വേദികളിലേക്കും ബസുകൾ സർവീസ് നടത്തുന്നുണ്ട്.


ഉച്ചയൂണിന്റെ സമയത്ത് എല്ലാ ബസുകളും പുത്തരിക്കണ്ടത്തേക്കാണ് സർവീസ് നടത്തുന്നത്. വിവിധ ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തെത്തുന്ന വിദ്യാർഥികളെ താമസ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും ബസുകൾ സർവീസ് നടത്തുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളിലായി വിവിധ ജില്ലകളിൽ നിന്നും എത്തിയ ആയിരത്തിലധികം വിദ്യാർഥികൾക്ക് 27 ഇടങ്ങളിൽ താമസ സൗകര്യം ഒരുക്കി. കിഴക്കേ കോട്ടയിൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം വരും ദിവസങ്ങളിലും തുടരുമെന്ന് പോലീസ് അധികൃതർ അറിയിച്ചു. ആദ്യദിനം പുത്തരിക്കണ്ടത്തെ ഭക്ഷണ പന്തലിൽ രാവിലെയും ഉച്ചയ്ക്കുമായി ഇരുപത്തി നാലായിരത്തിലധികം പേർ ഭക്ഷണം കഴിച്ചു. പ്രഭാത ഭക്ഷണമായി പുട്ടും കടലയും ഉച്ചയ്ക്ക് പാലട പ്രഥമൻ ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും പുത്തരിക്കണ്ടത്ത് ഒരുക്കിയിരുന്നു.