നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം ദില്ലിയിൽ 1.55 കോടി വോട്ടർമാരാണ് ഉള്ളത്. 84,49,645 പുരുഷ വോട്ടര്‍മാരും, 71,73,952 സ്ത്രീ വോട്ടര്‍മാരും. കഴിഞ്ഞ തവണ ഫെബ്രുവരി 8നായിരുന്നു തെരഞ്ഞെടുപ്പ്. 11 ന് വോട്ടെണ്ണല്‍ നടന്നു. 16ന് രണ്ടാം കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റു. 62.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 70ല്‍ 63 സീറ്റുകള്‍ ആംആദ്മി പാര്‍ട്ടിയും ഏഴ് സീറ്റ് ബിജെപിയും നേടി. അഴിമതി കേസിന്‍റെ നിഴലില്‍ നില്‍ക്കുമ്പോള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ആംആദ്മി പാര്‍ട്ടിക്ക് നിര്‍ണ്ണായകമാണ്. 100 കോടിയുടെ ദില്ലി മദ്യനയ അഴിമതിയും, 46 കോടിയുടെ വസതി മോടിപിടിപ്പിക്കലും അരവിന്ദ് കെജ്രിവാളിനും, ആംആദ്മി പാര്‍ട്ടിക്കുമെതിരെ ബിജെപി ശക്തമായി ഉന്നയിക്കുന്നു. ആരോപണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ള നേതാക്കള്‍ കളം നിറഞ്ഞു കഴിഞ്ഞു.
അഴിമതി ആരോപണത്തെ മറികടക്കാന്‍ പതിവ് പോലെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് പിടിച്ചു നില്‍ക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ ശ്രമം. നിലവിലെ ക്ഷേമ പദ്ധതികള്‍ തുടരുന്നതിനൊപ്പം എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2100 രൂപ വാഗ്ദാനം ചെയ്യുന്ന മഹിള സമ്മാന്‍ യോജന, 60 വയസിന് മുകളിലുള്ളവര്‍ക്കായി സൗജന്യ ആരോഗ്യ പദ്ധതിയായ സഞ്ജീവനി യോജന തുടങ്ങിയ പദ്ധതികളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് 12,200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത് വോട്ട് ചോദിക്കാൻ ബിജെപിക്കും ശക്തിയായി. കര്‍ണ്ണാടക, ഹിമാചല്‍ മോഡലില്‍ പ്യാരി ദീദി യോജന പ്രഖ്യാപിച്ച് 2500 രൂപ സ്ത്രീകള്‍ക്കായി കോണ്‍ഗ്രസും വാഗ്ദാനം ചെയ്യുന്നു. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കുന്നതോടെ ത്രികോണ മത്സരത്തിന്‍റെ ചൂടിലേക്ക് ഈ മഞ്ഞു കാലത്തിൽ ദില്ലി നീങ്ങുകയാണ്.