പാലക്കാട്‌ ആക്രി വ്യാപാരത്തിന്റെ മറവിൽ 30 കോടി രൂപയുടെ നികുതി വെട്ടിപ്പ് സംസ്ഥാന ജി. എസ്. ടി ഇന്റലിജൻസ് കണ്ടെത്തി. ഒരാൾ അറസ്റ്റിൽ

ആക്രി വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. പാലക്കാട് ഓങ്ങല്ലൂര്‍ പാലക്കുറിശ്ശി പുത്തന്‍പീടിക വീട്ടില്‍ നാസര്‍ ആണ് അറസ്റ്റിലായത്. ഏകദേശം 200 കോടിയുടെ ഇടപാടുകളിലൂടെ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാളുടെ പാലക്കാട് ഓങ്ങല്ലൂരിലുള്ള 3 സ്ഥാപനങ്ങള്‍ സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എണ്‍പതോളം വ്യാജ രജിസ്‌ട്രേഷനുകള്‍ നിര്‍മ്മിച്ച് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാള്‍ നികുതി വെട്ടിച്ചിരുന്നത്. അന്വേഷണത്തില്‍ ഇടപ്പള്ളി അമൃത ഹോസ്പിറ്റലിന്റെ റിസപ്ഷന്‍ ലോഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരില്‍ പോലും വ്യാജരേഖകള്‍ ചമച്ച് രജിസ്‌ട്രേഷനുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ ടിയാന്റെ വസതിയില്‍ നടത്തിയ പരിശോധനയെതുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലെ ജി.എസ്.ടി ഓഫീസില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കൊച്ചി ജി. എസ്. ടി ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷം ടിയാനെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (Economic Offence ) കോടതിയിൽ ഹാജരാക്കുകയും തുടർന്ന് കോടതി ഉത്തരവ് പ്രകാരം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.