30 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്

തിരുവനന്തപുരം:​ സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ. വയനാട് ഒഴികെ​13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ടു ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്നു മുനിസിപ്പാലിറ്റി വാർഡുകൾ, 24 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ഫെബ്രുവരി 6 വരെ സമർപ്പിക്കാം.സൂക്ഷ്മപരിശോധന 7നു ​വിവിധ കേന്ദ്രങ്ങളിൽ നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി 10 ആണ്. വോട്ടെടുപ്പ് 24 ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. വോട്ടെണ്ണൽ ഫെബ്രുവരി 25 ന് രാവിലെ 10 മണിക്ക് നടത്തും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ പ്രദേശത്തും പെരുമാറ്റച്ചട്ടം ബാധകമാണ്.ബ്ലോക്ക്പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പുള്ള വാർഡുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് പെരുമാറ്റച്ചട്ടമുള്ളത്. വോട്ടെടുപ്പിനായി 80 പോളിംഗ് ബൂത്തുകൾ സജ്ജമാക്കും. ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക 28 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ആകെ 60617 വോട്ടർമാരാണുള്ളത്.