21 കിലോ സ്വര്‍ണം, 1250 കിലോ വെള്ളി, വജ്രം, വാച്ച്, സാരി, ചെരിപ്പ്... കൊണ്ടുപോകാന്‍ ബാഗുമായി വന്നോളൂ....; കോടതിയുടെ ഉത്തരവ്....

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാറിന് കൈമാറാന്‍ ബംഗളൂരുവിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിറക്കി. ഫെബ്രുവരി 15ന് മുമ്പ് കൈമാറ്റ നടപടി പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. 2004ലെ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.

എസ്റ്റേറ്റുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, 28 കിലോ സ്വര്‍ണം, 700 കിലോ വെള്ളി ആഭരണങ്ങള്‍, വജ്രം, രത്‌നാഭരണങ്ങള്‍, 11,000 ത്തിലേറെ സാരികള്‍, 750 അലങ്കാര പാദരക്ഷകള്‍, 44 എ.സികള്‍, ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയായ വേദനിലയം തുടങ്ങി കോടികളുടെ സ്വത്തുക്കളാണ് ജയലളിതയുടേതായി കണ്ടുകെട്ടിയത്. സ്വത്തുക്കള്‍ കൈമാറാന്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ സി.ബി.ഐ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ. ദീപയും ജെ. ദീപക്കും നല്‍കിയ അപ്പീലില്‍ ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. 1991 ജൂലൈ ഒന്നു മുതല്‍ 1996 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ജയലളിത ശേഖരിച്ച സ്വത്തുക്കളുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കണ്ടുകെട്ടിയ വസ്തുക്കള്‍ ഏതെങ്കിലും പ്രസ്തുത കാലയളവിലല്ല വാങ്ങിയതെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ ഹാജരാക്കിയാല്‍ ആ സ്വത്തിന്റെ ഉടമസ്ഥാവകാശം ഹരജിക്കാര്‍ക്ക് അനുവദിക്കാമെന്നും വസ്തു ലേലം ചെയ്തിട്ടുണ്ടെങ്കില്‍പോലും അവകാശം തിരിച്ചുനല്‍കാമെന്നും ദീപക്കിനോടും ദീപയോടും ഹൈകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇരുവര്‍ക്കും മതിയായ രേഖകള്‍ ഹാജരാക്കാനായില്ല. ജനുവരി 13ന് ഹരജി ഹൈകോടതി തള്ളി. തുടര്‍ന്നാണ് സി.ബി.ഐ കോടതി സ്വത്തുക്കള്‍ സര്‍ക്കാറിന് കൈമാറാന്‍ നിര്‍ദേശിച്ചത്