അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ വീണ്ടും ഇന്ത്യ ഫൈനലില്‍. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനെ അനായാസം പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തുന്നത്. 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യന്‍ വനിതാ ടീം സ്വന്തമാക്കിയത്.

കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമാണ് ഇന്ത്യയ്ക്ക് എതിരാളികളായി എത്തുക. അതേസമയം ഓസ്ട്രേലിയയെ തകര്‍ത്താാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് കാലെടുത്ത് വെക്കുന്നത്. മാത്രമല്ല, ടൂര്‍ണമെന്റില്‍ ഒരു മത്സരത്തിലും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം ഇന്ത്യ- ദക്ഷിണാഫ്രിക്ക കിരീട പോരാട്ടം ഫെബ്രുവരി 2 ഞായറാഴ്ച നടക്കും.ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എടുത്ത് കൂട്ടി. എന്നാല്‍ ഇന്ത്യ 15 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 117 റണ്‍സെടുത്താണ് വിജയിച്ച് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുന്നത്.

ഓപ്പണര്‍ ജി കമാലിനി 50 പന്തില്‍ 8 ഫോറുകള്‍ സഹിതം 56 റണ്‍സാണ് നേടിയത്. സഹ ഓപ്പണര്‍ ഗോംഗഡി തൃഷ 29 പന്തില്‍ 5 ഫോറുകള്‍ സഹിതം 35 റണ്‍സുമായാണ് മടങ്ങുന്നത്. സനിക ചല്‍കെ 11 റണ്‍സെടുത്തു.