കണ്ണൂര്‍:കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.അപകടത്തിൽ ബസിൽ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബസിനടയിൽപ്പെട്ടു. ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ 18 കുട്ടികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ബസ് പലതവണ മലക്കം മറിഞ്ഞശേഷം പ്രധാന റോഡിലേക്ക് തെറിച്ച് തലകീഴായി നിൽക്കുന്നതിന്‍റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. ബസ് മറിഞ്ഞ സമയത്ത് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ബസ് ഉയര്‍ത്തി. ബസിനടയിൽ കുടുങ്ങിപോയ പെണ്‍കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു