ഒരു ചായ കുടിച്ചപ്പോൾ ബിൽ വന്നത് 150 രൂപ; കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ; വിമാനത്താവളങ്ങളില്‍ ഇനി ചായക്കും കാപ്പിക്കും സ്‌നാക്‌സിനും സാധാരണ വില; ഒറ്റയാൾ പോരാട്ടത്തിന് അഭിനന്ദന പ്രവാഹം

ചായക്ക് 150-രൂപ മുതൽ 250 രൂപ വരെ, സമൂസയ്ക്കും വടയ്ക്കും 350 വരെ, എയർപോർട്ടുകളിലെ ഭക്ഷണ വിലയെ സംബന്ധിച്ച പ്രധാന പരാതി ഇതായിരുന്നു. എന്നാൽ ഇനി അങ്ങനെയല്ല. വിമാനത്താവങ്ങളിൽ ഇനി മുതൽ ചായക്കും കാപ്പിക്കും സ്‌നാക്‌സിനും സാധാരണ വില മാത്രമായിരിക്കും. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ടതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അമിത വില ഈടാക്കുന്നത് നിർത്തി. യഥാർത്ഥത്തിൽ ഇതൊരു ഒറ്റയാൾ പോരാട്ടമായിരുന്നു.
 
2019 മാർച്ചിലാണ് പോരാട്ടം തുടങ്ങിയത്. ഡൽഹിയിലേക്കുളള യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു അഡ്വ. ഷാജി കോടങ്കണ്ടത്ത്. താൻ അവിടെ നിന്ന് കുടിച്ച ചായയുടെ ബില്ല് വന്നപ്പോൾ യഥാർത്ഥത്തിൽ ഞെട്ടി. വില 150 രൂപ! മറ്റ് സ്റ്റാളിലും വില മാറ്റമില്ല. ചെറിയൊരു കപ്പിൽ ചൂടുവെള്ളവും ടീ ബാഗിനുമാണ് ആ വില. വർഷങ്ങളായി ഇന്ത്യക്കാരും വിദേശികളുമെല്ലാം ആ വി.ഐ.പി ചായ കുടിച്ചു പോന്നു. ഈ പകൽക്കൊള്ളയ്ക്ക് അറുതി വരുത്തണമെന്ന ദൃഢനിശ്ചയമെടുത്താണ് വിമാനത്തിൽ കയറിയത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി അയച്ചു. വ്യോമയാന മന്ത്രാലയത്തിനും പരാതി നൽകി. ഈ വിഷയത്തിൽ സുപ്രീം കോടതി വരെ പോയി. ഒടുവിൽ വിജയം കണ്ടു. എല്ലാറ്റിനും വില കുറച്ചു. ചായ 15 രൂപ, കാപ്പി 20, സ്‌നാക്‌സ് 15. 

ചില ഒറ്റയാൾ പോരാട്ടങ്ങളും ഫലം കാണുമെന്നതിന്റെ പ്രധാന ഉദാഹരമാണിത്. ഈ കൊള്ളവിലയിൽ വലിയ മാറ്റം ഉണ്ടാക്കാൻ പോരാടിയ ഷാജി അഭിനന്ദനം അർഹിക്കുന്നു. സാധാരണക്കാരെ കൊള്ളയടിക്കുന്ന അനീതിക്കെതിരെ നിർഭയമായി പോരാടാൻ എല്ലാവർക്കും ഇത് ഊർജം പകരട്ടെ.

#KeralaPravasiAssociation