ഫയറല്ലടാ, വൈല്‍ഡ് ഫയര്‍! ടെസ്റ്റില്‍ കന്നി സെഞ്ച്വറിയടിച്ച് നിതീഷ് റെഡ്ഡി

ഓസ്‌ട്രേലിയയ്‌ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ സെഞ്ച്വറി തികച്ച് ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡി. 171-ാം പന്തില്‍ ബൗണ്ടറിയടിച്ചാണ് നിതീഷ് മൂന്നക്കം തികച്ചത്. തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറിയാണ് നിതീഷ് മെല്‍ബണില്‍ കുറിച്ചത്.സെഞ്ച്വറി കൂട്ടുകെട്ടുയർത്തി കൂടെനിന്ന വാഷിങ്ടൺ സുന്ദറും പിന്നാലെ ജസ്പ്രീത് ബുംമ്രയും പുറത്തായെങ്കിലും നിതീഷ് ക്രീസിലുറച്ചുനിന്നു. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സിന്‍റെ മൂന്ന് പന്തുകള്‍ പ്രതിരോധിച്ച് മുഹമ്മദ് സിറാജ്, നിതീഷിന് സെഞ്ച്വറിയിലേയ്ക്കുള്ള വഴിയൊരുക്കി. ഒടുവില്‍ സ്കോട്ട് ബോളണ്ടിനെ സ്ട്രൈറ്റ് ബൗണ്ടറി കടത്തിയാണ് നിതീഷ് ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. പത്ത് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് നിതീഷിന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി.ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 474 റൺസെടുത്ത് പുറത്തായപ്പോൾ മുൻ ടെസ്റ്റുകളിലെ പോലെ ഇന്ത്യ ബാറ്റിങ്‌ തകർച്ച നേരിടുകയായിരുന്നു. യശ്വസി ജയ്‌സ്വാളിന്‌ മാത്രമേ മുൻനിര ഇന്ത്യൻ ബാറ്റർമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെക്കാൻ സാധിച്ചുള്ളൂ. 164ന്‌ അഞ്ച്‌ എന്ന നിലയിലായിരുന്നു മൂന്നാം ദിനം ഇന്ത്യ ബാറ്റിങ്‌ ആരംഭിച്ചത്‌. ഋഷഭ്‌ പന്തും രവീന്ദ്ര ജഡേജയുമായിരുന്നു മൂന്നാം ദിനം കളി ആരംഭിക്കുമ്പോൾ ക്രീസിൽ. നിതീഷ്‌ കുമാർ റെഡ്ഡിയും വാഷിങ്‌ടൺ സുന്ദറും ചേർന്ന്‌ തകർത്തടിച്ചതോടെ ഇന്ത്യ ഫോളോ ഓൺ ഭീഷണിയിൽ നിന്ന് കരകയറി. ഇന്ത്യയെ മത്സരത്തിലേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരാൻ ശ്രമിച്ചെങ്കിലും അർധ സെഞ്ച്വറി തികച്ചതോടെ വാഷിങ്‌ടണ്ണിന്റെ വിക്കറ്റ്‌ നഷ്‌ടമാവുകയായിരുന്നു.