മങ്ങാട് സ്വദേശി ജയ സാബു എന്നയാളുടെ പരാതിയിലാണ് റസ്റ്റോറന്റ് ഉടമ ടൈറ്റസിനും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കും എതിരെ പൊലീസ് കേസെടുത്തത്. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലെ ഭക്ഷണം മോശമാണെന്ന് ഹോട്ടലിൽ തന്നെ അറിയിക്കുകയും തുടർന്ന് ഭക്ഷണത്തിന്റെ ഫോട്ടോ എടുത്തതിനെ തുടർന്നുമായിരുന്നു തർക്കം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരിയെയും സഹോദരനെയും അമ്മയെയും അനുജനെയും ഉപദ്രവിച്ചുവെന്ന് കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. ഭക്ഷണം കഴിക്കാൻ എത്തിയവർ മർദിച്ചുവെന്ന് ആരോപിച്ച് റസ്റ്റോറന്റ് ഉടമയും പരാതി നൽകിയിട്ടുണ്ട്.