പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. വിദഗ്ധ ഡോക്ടർമാരുടെ സംഘം എം.ടിയുടെ ആരോഗ്യ നില നിരീക്ഷിച്ചുവരികയാണ്. നിലവിൽ ഓക്സിജന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും എം.ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ച എം.എൻ. കാരശ്ശേരി പറഞ്ഞു.
സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടർമാർ ചെയ്യുന്നുണ്ടെന്ന് എം.ടിയെ സന്ദർശിച്ച മന്ത്രി മുഹമ്മദ് റിയാസും അറിയിച്ചു. മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയ അവസ്ഥ തുടരുകയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം.ശ്വാസ തടസ്സത്തെ തുടർന്നാണ് 15ാം തീയതി മുതൽ എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഹൃദയസ്തംഭനം സംഭവിച്ചതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
പ്രിയസാഹിത്യകാരന്റെ ആരോഗ്യത്തിനായി പ്രാർഥിക്കുകയാണ് കേരളം. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. സംവിധായകൻ ഹരിഹരൻ, നടൻ വിനീത് എന്നിവരും എം.ടി. വാസുദേവൻ നായരെ സന്ദർശിച്ചു. മക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ആശുപത്രിയിലുണ്ട്.