നിതീഷ് മടങ്ങി! ഓസീസിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്, പിന്നാലെ ഒരു വിക്കറ്റ് നഷ്ടം; മെല്‍ബണ്‍ ടെസ്റ്റില്‍ ആവേശം

മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 105 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറോയ 474നെതിരെ ഇന്ത്യ 369ന് പുറത്താവുകയായിരുന്നു. തലേ ദിവസത്തെ സ്‌കോറിനോട് 11 റണ്‍സാണ് ഇന്ത്യ നാലാം ദിനം കൂട്ടിചേര്‍ത്തത്. 114 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. നതാന്‍ ലിയോണിനായിരുന്നു വിക്കറ്റ്. പിന്നാലെ രണ്ടാം ഇന്നിംഗ്്‌സ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെടുത്തിട്ടുണ്ട്. സാം കോണ്‍സ്റ്റാസിന്റെ (8) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ജസ്പ്രിത് ബുമ്രയ്ക്കാണ് വിക്കറ്റ്. ഉസ്മാന്‍ ഖവാജ (19), മര്‍നസ് ലബുഷെയ്ന്‍ (8) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ കോണ്‍സ്റ്റാസിന് ഇത്തവണ നിരാശപ്പെടേണ്ടി വന്നു. എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ബുമ്ര ബൗള്‍ഡാക്കുകയായിരുന്നു. ഒമ്പതിന് 358 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ക്രീസിലെത്തിയത്. അധികനേരം റെഡ്ഡിക്ക് ക്രീസില്‍ തുടരാനായില്ല. വ്യക്തിഗത സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് നിതീഷ് മടങ്ങി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി ലിയോണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 

നിരാശപ്പെടുത്തി ജഡേജയും പന്തും

മൂന്നാം ദിനം 164-5 എന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ റിഷഭ് പന്തിന്റെ ബാറ്റിലായിരുന്നു. എന്നാല്‍ 28 റണ്‍സെടുത്ത് നില്‍ക്കെ ബോളണ്ടിനെതിരെ അനാവശ്യ സ്‌കൂപ്പ് ഷോട്ടിന് ശ്രമിച്ച് റിഷഭ് പന്ത് പുറത്താവുമ്പോള്‍ ഇന്ത്യ 200പോലും കടന്നിരുന്നില്ല. പിന്നാലെ പ്രതീക്ഷ നല്‍കിയ ജഡേജ (17) ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്ന് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് അപ്പോഴും 54 റണ്‍സ് കൂടി വേണമായിരുന്നു.

പൊരുതി നിതീഷും സുന്ദറും

എട്ടാമനായി ക്രീസിലെത്തിയ നിതീഷ് കുമാറും ഒമ്പതാമനായി ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറും മുന്‍നിര ബാറ്റര്‍മാരെ നാണിപ്പിക്കുന്ന രീതിയില്‍ ബാറ്റ് വീശിയതോടെ ഓസ്‌ട്രേലിയ പ്രതിരോധത്തിലായി. ആദ്യം ഫോളോ ഓണ്‍ ഭീഷണി മറികടത്തിയ ഇരുവരും ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 300 കടത്തി. അര്‍ധസെഞ്ചുറി പൂര്‍ത്തിയാത്തിയ ഉടന്‍ പുഷ്പ സ്‌റ്റൈലില്‍ ആഘോഷിച്ച നിതീഷ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ലിയോണിന്റെ പന്തില്‍ സുന്ദര്‍ (50) വീഴുമ്പോള്‍ ഇന്ത്യ 348 റണ്‍സിലെത്തിയിരുന്നു.

127 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പിന്നാല ജസ്പ്രീത് ബുമ്ര കൂടി വീണതോടെ അര്‍ഹിച്ച സെഞ്ചുറി നഷ്ടമാകുമെന്ന് തോന്നിച്ചെങ്കിലും മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് നിതീഷ് സെഞ്ചുറി തികച്ചു. സ്‌കോട് ബോളണ്ടിനെ സ്‌ട്രൈറ്റ് ബൗണ്ടറി കടത്തിയാണ് നിതീഷ് തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി തികച്ചത്. പിന്നാലെ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിവെക്കുകയായിരുന്നു.