നിർണായക മാറ്റം, നിബന്ധന നീക്കി മോട്ടോർ വാഹന വകുപ്പ്, സംസ്ഥാനത്തെ ഏത് ആർടിഒ ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം!

തിരുവനന്തപുരം: പുതിയതായി വാഹനം വാങ്ങുന്നവരുടെ ശ്രദ്ധക്ക്, നിർണ്ണായക തീരുമാനവുമായി മോട്ടോർ വാഹന വകുപ്പ്. കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. വാഹന ഉടമയുടെ ആർടിഒ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ് മാറ്റിയത്. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. 
പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ് വയറിൽ മാറ്റം വരുത്തും. അതിനുള്ള നടപടികൾ തുടങ്ങിയെന്നും ഇത് പൂ‍ർത്തിയായാൽ ഏത് ആർടിഒ ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാനാകുമെന്നും ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. സ്വകാര്യ വാഹനങ്ങൾ പണത്തിനോ അല്ലാതെയോ ഓടിക്കുന്നതിന് കൈമാറാൻ പാടില്ലെന്നും അങ്ങനെ കൊടുത്താൽ വാടകക്ക് നൽകിയതായി കണക്കാക്കുമെന്നും ഗതാഗത കമ്മീഷണർ കൂട്ടിച്ചേർത്തു.

 ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണർ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാനാവുന്ന നിർദ്ദേശം പുറപ്പെടുവിച്ചത്. നേരത്തേ സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍ടി ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. പുതിയ മാറ്റത്തിലീടെ തിരുവനന്തപുരത്ത് അഡ്രസ് ഉള്ളയാൾക്ക് കാസർകോട് സീരിസിലോ, തിരിച്ച് കാസർകോട് ഉള്ളയാൾക്ക് തിരുവനന്തപുരം സീരിസിലോ വാഹനത്തിന് രജിസ്ട്രേഷൻ നടത്താൻ സാധിക്കും. ജോലികൾക്കും ബിസിനസിനുമൊക്കൊയായി ജില്ല മാറി താമസിക്കുന്നവർക്ക് പുതിയ തീരുമാനം ഏറെ ഗുണകരമാകും.