ഇടുക്കിയില്‍ കാട്ടാനാക്രമണത്തില്‍ മരിച്ച അമര്‍ ഇബ്രാഹിമിന്റെ സംസ്‌കാരം ഇന്ന്‌

ഇടുക്കി മുള്ളരിങ്ങാടുണ്ടായ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അമയല്‍തൊട്ടി സ്വദേശി അമര്‍ ഇബ്രാഹിമിന്റെ സംസ്‌കാരം രാവിലെ എട്ടരയോടെ മുള്ളരിങ്ങാട് ജുമാ മസ്ജിത് ഖബര്‍സ്ഥാനില്‍ ഇന്ന് നടക്കും. ആക്രമണത്തില്‍ പരിക്കേറ്റ സുഹൃത്ത് മന്‍സൂര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. പശുവിനെ തിരഞ്ഞ് കാടിനു സമീപത്തേക്ക് പോയപ്പോഴായിരുന്നു ഇരുവരെയും ആക്രമിച്ചത്.പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് അനുവദിച്ച നാല് ലക്ഷം രൂപ കുടുംബത്തിന് നല്‍കും. ആറ് ലക്ഷം രൂപ പിന്നീടും നല്‍കും. സംഭവത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്ന് റിപ്പോര്‍ട്ട് തേടിിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാട്ടാനയാക്രമണത്തില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരുന്നു.ഇടുക്കി മുള്ളരിങ്ങാട് കാട്ടാനയാക്രമണത്തില്‍ വനംവകുപ്പിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായെങ്കില്‍ നടപടിയെടുക്കും. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.