വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്

വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കരുതെന്നും നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

റെന്റ് എ ക്യാബ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുറഞ്ഞത് 50 വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാങ്ങണം. കുറഞ്ഞത് അഞ്ച് ബൈക്കുകള്‍ ട്രാന്‍സ്പോര്‍ട്ട് വാഹനമായി രജിസ്റ്റര്‍ ചെയ്താലേ വാടകയ്ക്കു നല്‍കാന്‍ പറ്റൂ. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികള്‍ക്ക് പണം വാങ്ങി വാടകയ്ക്കു നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും പറയുന്നു. അനധികൃതമായി വാടകയ്ക്കു നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉണ്ടായിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.