ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇന്ദുജയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ എത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ അമ്മൂമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ഇന്ദുജയെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തൊട്ടുപിന്നാലെ ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തിനെതിരെ കുടുംബം രംഗത്തെത്തി. ഇന്ദുജയെ അഭിജിത്ത് കൊലപ്പെടുത്തിയതാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ഇന്ദുജയുടേത് ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഇന്ദുജയെ സുഹൃത്ത് അജാസ് മര്‍ദിച്ചിരുന്നുവെന്ന് അഭിജിത്ത് വെളിപ്പെടുത്തി. ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ട് ദിവസം മുന്‍പ് കാറില്‍ വെച്ച് അജാസ് മര്‍ദിച്ചിരുന്നുവെന്നും അഭിജിത്ത് പറഞ്ഞിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ദുജയ്ക്ക് അവസാനമായി വന്ന കോള്‍ അജാസിന്റേതാണെന്ന് വ്യക്തമായി. ഇതിന് പിന്നാലെ അജാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഭിജിത്തിനും അജാസിനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.