തിരുവനന്തപുരം മംഗലപുരം സിപിഐഎം ഏരിയ സമ്മേളനത്തില്‍ തര്‍ക്കം; മുന്‍ ഏരിയസെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി, പാര്‍ട്ടി വിടും

തിരുവനന്തപുരം: മംഗലപുരം സിപിഐഎം ഏരിയ സമ്മേളനത്തിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ പുതിയ ഏരിയ സെക്രട്ടറിയെ തിരഞ്ഞെടുത്തു. എം ജലീലാണ് മംഗലപുരത്തെ പുതിയ ഏരിയ സെക്രട്ടറി.
നേരത്തെ സമ്മേളനം നടക്കുന്നതിനിടെ മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. മധു മുല്ലശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. എന്നാല്‍ ഇദ്ദേഹം സെക്രട്ടറി ആകുന്നത് ജില്ലാ സെക്രട്ടറി എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന.
അതേസമയം വി ജോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് മധു മുല്ലശ്ശേരി പാര്‍ട്ടി വിടാനുള്ള തീരുമാനം വ്യക്തമാക്കിയത്. സംസ്ഥാന നേതൃത്വത്തിലെ പലരേയും സ്വാധീനിച്ചാണ് വി ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്. മംഗലപുരത്ത് വലിയ വിഭാഗീയതയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി ജോയ് ജില്ലാ സെക്രട്ടറിയായതിന് ശേഷം വലിയ വിഭാഗീയ പ്രവര്‍ത്തനമാണ് മംഗലപുരത്ത് നടക്കുന്നത്. പാര്‍ട്ടിയെ തന്നെ പല തട്ടിലാക്കുകയാണ്. പല ഘട്ടത്തിലും പല നേതാക്കളോടും വിഷയം സൂചിപ്പിച്ചു. ആ സമയത്താണ് ഏരിയ സമ്മേളനങ്ങള്‍ നടക്കുന്നത്. വി ജോയ് വന്നതിന് ശേഷമാണ് വിഭാഗീയ പ്രവര്‍ത്തനം ഉണ്ടായത്. മംഗലപുരം ഏരിയ കമ്മിറ്റിയെ നിഷ്പ്രയമാക്കിയാണ് പ്രവര്‍ത്തനം നടക്കുന്നത്. ജില്ലാ സെക്രട്ടറിയുടെ വീടാണ് നിലവില്‍ ഏരിയകമ്മിറ്റി. ഏരിയ സെക്രട്ടറിയോട് ചര്‍ച്ച ചെയ്യാതെയാണ് പല തീരുമാനങ്ങളും ഉണ്ടാകുന്നത്. വന്ന കാലം മുതല്‍ എനിക്കെതിരെയാണ് വി ജോയ് നില്‍ക്കുന്നത്. എനിക്കെതിരെ ആളുകളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കും. രാവിലെ ഞാന്‍ അറിയുന്നുണ്ട് എന്ന മാറ്റുമെന്ന്. എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല. ആറ് വര്‍ഷമായി ഏരിയ സെക്രട്ടറി സ്ഥാനത്തുണ്ട്. ആ കാലയളവിലെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും അപാകീയതയുണ്ടായിട്ടാണെങ്കില്‍ അത് ചൂണ്ടിക്കാട്ടാം. പക്ഷേ ആരും അത്തരത്തില്‍ പ്രതികരിച്ചില്ല.അഭിപ്രായ വ്യത്യാസമോ അച്ചടക്ക നടപടിയോ എനിക്കെതിരെ ഉണ്ടായിട്ടില്ല. വി ജോയ് ജില്ലാ സെക്രട്ടറിയായി തുടരുന്ന കാലത്ത് ഏരിയ സെക്രട്ടറിയാകാന്‍ എനിക്ക് സാധിക്കില്ല. ആയാലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. പലരേയും സ്വാധീനിച്ചാണ് വി ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്തിയത്. സംസ്ഥാന നേതൃത്വത്തിലെ പലരേയും അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട്. മംഗലാപുരത്ത് വി ജോയ്‌യുടെ കടന്നുവരവോടെ വലിയ വിഭാഗീയതയാണ് ഉണ്ടായത്. സിപിഐഎമ്മിനൊപ്പം ഇനി പ്രവര്‍ത്തിക്കുന്നതില്‍ പ്രയാസമുണ്ട്. പാര്‍ട്ടി വിട്ടാലും നിരവധി സഖാക്കള്‍ ഒപ്പമുണ്ടാകും', മധു മുല്ലശ്ശേരി  പറഞ്ഞു.