ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്ന് തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. എന്നാൽ, പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകൾ ഒന്നുംതന്നെ നൽകിയിട്ടില്ല. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്തായാണ് കഴിഞ്ഞ ദിവസം ന്യൂനമർദ്ദം രൂപപ്പെട്ടത്. കൂടുതൽ ശക്തി പ്രാപിക്കുന്ന ന്യൂനമർദ്ദം തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്നും കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്