ആദ്യ സെഷനില്‍ രാഹുലിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 27 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായ രോഹിത് വീണ്ടും നിരാശപ്പെടുത്തി. ഇന്ത്യൻ നായകനെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ അലക്സ് കാരി പിടികൂടുകയായിരുന്നു. ടീം സ്കോർ 74 ഉള്ളപ്പോഴായിരുന്നു രോഹിത്തിന്റെ മടക്കം. ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പൊരുതിയ രാഹുല്‍ ഇന്ത്യയെ 100 കടത്തി.ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വാലറ്റത്തെ കൂട്ടിപിടിച്ച് പൊരുതുന്നതിനിടെ രവീന്ദ്ര ജഡേജയ്ക്കും മടങ്ങേണ്ടിവന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 123 പന്തില്‍ ഏഴു ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 77 റണ്‍സ് എടുത്താണ് രവീന്ദ്ര ജഡേജ പുറത്തായത്. ഒമ്പതാം വിക്കറ്റായി രവീന്ദ്ര ജഡേജ പുറത്താവുമ്പോള്‍ ഫോളോ ഓണ്‍ മറികടക്കാന്‍ ഇന്ത്യക്ക് 33 റണ്‍സ് വേണമായിരുന്നു.പത്താംവിക്കറ്റില്‍ ബുംറയും ആകാശ് ദീപും ചേര്‍ന്ന് നേടിയ 39 റണ്‍സിന്‍റെ അപരാജിത ചെറുത്തുനില്‍പ്പ് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചു. നാലാം ദിനം കളിനിർത്തുമ്പോൾ 31 പന്തില്‍ 27 റണ്‍സുമായി ആകാശ് ദീപും 27 പന്തില്‍ 10 റണ്‍സുമായി ജസ്പ്രീത് ബുംമ്രയുമാണ് ക്രീസില്‍.