സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല നട അടച്ചിടുമെന്ന പ്രചാരണം; പ്രതികരണവുമായി ദേവസ്വം ബോര്‍ഡ്

സൂര്യഗ്രഹണത്തെ തുടര്‍ന്ന് ശബരിമല നട അടച്ചിടുമെന്നത് വ്യാജപ്രചാരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തീര്‍ത്ഥാടകരുടെ എണ്ണവും നടവരവും ഇത്തവണ വര്‍ദ്ധിച്ചുവെന്നും സന്നിധാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം മണ്ഡലകാലം അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേ ശബരിമലയില്‍ വന്‍ തീര്‍ഥാടക തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തരെ കൊണ്ട് സന്നിധാനം നിറഞ്ഞു. നാളെയാണ് അയ്യപ്പ സ്വാമിക്കു തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന.

ശബരിമല സന്നിധാനത്തെ ഭക്തസാന്ദ്രമാക്കി കഴിഞ്ഞദിവസം കര്‍പ്പൂരാഴി ഘോഷയാത്ര നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ വകയായിരുന്നു കര്‍പ്പൂരാഴി. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര ഉത്സവ കാഴ്ചയൊരുക്കി. ദീപാരാധനയ്ക്ക് ശേഷം ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് കര്‍പ്പൂരാഴിക്ക് അഗ്‌നി പകര്‍ന്നു.പുലിവാഹമേറിയ അയ്യപ്പനും ദേവതാരൂപങ്ങളും തിങ്ങിനിറഞ്ഞ തീര്‍ത്ഥാടകര്‍ക്ക് ആനന്ദക്കാഴ്ചയൊരുക്കി. വര്‍ണ്ണക്കാവടിയും മയിലാട്ടവും വിളക്കാട്ടവും ഘോഷയാത്രയ്ക്ക് മിഴിവേകി. ക്ഷേത്രം വലം വച്ച് നീങ്ങിയ ഘോഷയാത്ര മാളിപ്പുറം വഴി നടപ്പന്തല്‍ വലം വച്ച് പതിനെട്ടാം പടിക്ക് മുന്നില്‍ സമാപിച്ചു.